
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍
കേസുകളില്‍ നിയമനടപടി ആരംഭിക്കുന്നതിനുള്ള തുകയുടെ പരിധി 5 കോടി രൂപയായി ഉയര്‍ത്തി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഭരണസംവിധാനത്തില്‍ നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍. ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കുള്ള അറസ്റ്റ് അധികാരം പൂര്‍ണമായി റദ്ദാക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സാധാരണ നികുതി തര്‍ക്കങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. ഇതിനുപുറമെ, കേസുകളില്‍ നിയമനടപടി ആരംഭിക്കുന്നതിനുള്ള തുകയുടെ പരിധി നിലവിലുള്ള 1 കോടി രൂപയില്‍ നിന്ന് 5 കോടി രൂപയായി ഉയര്‍ത്തി.
കുറ്റകൃത്യങ്ങള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട കുറഞ്ഞ ശിക്ഷ കൗണ്‍സില്‍ ഒഴിവാക്കി. പിഴയാണോ, തടവുശിക്ഷയാണോ, അതോ രണ്ടുമാണോ നല്‍കേണ്ടതെന്ന കാര്യം ഇനിമുതല്‍ ഓരോ കേസിന്റെയും സ്വഭാവമനുസരിച്ച് കോടതികള്‍ക്ക് തീരുമാനിക്കാം. പ്രത്യേകം പിഴ തുക നിശ്ചയിച്ചിട്ടില്ലാത്ത കുറ്റങ്ങള്‍ക്ക് ചുമത്തുന്ന പൊതുപിഴ 25,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചതായി മന്ത്രാലയം അറിയിച്ചു. നികുതി വ്യവസ്ഥ ലളിതമാക്കുന്നതിനും വ്യവസായ-വ്യാപാര മേഖലകള്‍ക്ക് കൂടുതല്‍ ആശ്വാസം നല്കുന്നതിനുമാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്.
നികുതി നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന് പകരം, ഭരണപരമായ പ്രക്രിയകളും നിയമനിര്‍വഹണവും ലളിതമാക്കുന്ന 'ജിഎസ്ടി 2.0' ഘട്ടത്തിനാണ് കൗണ്‍സില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തവണ ജിഎസ്ടി നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും ഇനി കൗണ്‍സില്‍ പരിഗണിക്കുക.
റീഫണ്ട് അപേക്ഷകള്‍ അംഗീകരിക്കുന്നതിനുള്ള (Acknowledgement) സമയം 15 ദിവസത്തില്‍ നിന്ന് 10 ദിവസമായി കുറച്ചു. അപകടസാധ്യത കുറഞ്ഞ 90% റീഫണ്ട് അപേക്ഷകളും, അപേക്ഷ ലഭിച്ച് 3 പ്രവൃത്തി ദിവസത്തിനുള്ളില്‍ അനുവദിക്കും. നിലവിലിത് 7 ദിവസമാണ്. റിട്ടേണുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും രജിസ്ട്രേഷന് നടപടികള്‍ വേഗത്തിലാക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ജീവനക്കാര്‍ക്കായി കമ്പനികള്‍ എടുക്കുന്ന ഹെല്‍ത്ത്-ലൈഫ് ഇന്‍ഷുറന്‍സ്, ടെലികോം ടവറുകള്‍, ഫാക്ടറികള്‍ക്ക് പുറത്തുള്ള പൈപ്പ് ലൈനുകള്‍, സൗജന്യ സാമ്പിളുകള്‍ എന്നിവയ്ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭിക്കും. സപ്ലയര്‍മാര്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, യഥാര്‍ഥത്തില്‍ സാധനങ്ങള്‍ വാങ്ങിയ വ്യാപാരികളെ സംരക്ഷിക്കുന്നത് പഠിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു.
റോഡ് മാര്‍ഗമുള്ള ചരക്കുനീക്കത്തിനിടയില് വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകളില്‍ നിയന്ത്രണം വരും. ജോയിന്റ് കമ്മീഷണര്‍ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാഹനങ്ങള്‍ തടയാനാകൂ. ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തിനും എത്തുന്ന സംസ്ഥാനത്തിനും മാത്രമേ പരിശോധനയ്ക്ക് അനുമതിയുള്ളൂ. വഴിമധ്യേയുള്ള സംസ്ഥാനങ്ങള്‍ക്ക് വാഹനം തടയാനാകില്ല.
5 കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും (നികുതി പാദവാര്‍ഷികമായി അടയ്ക്കണം). ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള് വഴി വില്പന നടത്തുന്ന ചെറുകിട വില്പനക്കാര്ക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഗോഡൗണുകള്‍ തങ്ങളുടെ ബിസിനസ്സ് കേന്ദ്രമായി കാണിക്കുന്നതിനുള്ള നിയമങ്ങള്‍ ലളിതമാക്കി. വിദേശ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ ഇരുന്ന് നടത്തുന്ന ഗവേഷണം, പരിശോധന, റിപ്പയറിങ് തുടങ്ങിയ സേവനങ്ങളെയും കയറ്റുമതിയായി (Export of Service) പരിഗണിക്കും. ഇത് ഐടി, എന്‍ജിനീയറിങ്, സെമികണ്ടക്ടര്‍ മേഖലകള്‍ക്ക് തുണയാകും.
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

Summary
GST Council reforms: Arrest powers scrapped, prosecution threshold raised to Rs 5 crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




