മഴയില്‍ കുറവ്, വൈദ്യുതി ചാര്‍ജ് കൂടുമോ?; കൈയില്‍ നിന്ന് ഒരു രൂപ പോലും പോകാതെ മേൽക്കൂരയിൽ സോളാര്‍ വെയ്ക്കാം

സംസ്ഥാനത്ത് ഇത്തവണ മണ്‍സൂണ്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല

Solar panel is installed on the rooftop of a house
rooftop Solar panelfile
Edited by :Dhanoj AM
Last Updated :29 ജൂലൈ 2026, 12:09 pm IST

സംസ്ഥാനത്ത് ഇത്തവണ മണ്‍സൂണ്‍ മഴ കാര്യമായി ലഭിച്ചിട്ടില്ല. ഇതേ അവസ്ഥ വരുംദിവസങ്ങളിലും തുടരുകയാണെങ്കില്‍ വേനല്‍കാലത്ത് കൊടും ചൂട് നേരിടേണ്ടി വരുമോ എന്ന ആശങ്ക ഇപ്പോഴെ ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ലാതെ വരുന്നതോടെ വരുന്ന വേനല്‍കാലത്ത് സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകുമോ എന്ന ചോദ്യവും അലട്ടുന്നുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനം കുറയുന്നതോടെ കൂടുതല്‍ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരാം. ഇത് വൈദ്യുതി ബില്ലില്‍ പ്രതിഫലിക്കാന്‍ ഇടയാക്കിയേക്കും. വൈദ്യുതി ബില്ലിന്റെ പ്രതിമാസ ഭാരത്തില്‍ നിന്ന് ശാശ്വതമായ ആശ്വാസം നേടാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ വീടുകളില്‍ സോളര്‍ ഘടിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ച് വരികയാണ്.

നിലവില്‍ ഏറ്റവും അനുയോജ്യമായ സ്‌കീം പിഎം സൂര്യഘര്‍ പദ്ധതിയാണ്. ഇതിനായി ഔദ്യോഗിക പോര്‍ട്ടല്‍ ആയ പിഎം സൂര്യഘര്‍ വഴി രജിസ്റ്റര്‍ ചെയ്ത് സബ്‌സിഡി നേടാവുന്നതാണ്. സോളാര്‍ പ്ലാനുകള്‍ സ്ഥാപിക്കുന്നതിനായി കുറഞ്ഞ പലിശനിരക്കില്‍ ഈടില്ലാത്ത ബാങ്ക് വായ്പകളും ലഭ്യമാണ്.

ഈ മേല്‍ക്കൂര സോളാര്‍ പദ്ധതിക്ക് 78,000 രൂപ വരെ സബ്സിഡി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഈ തുക മതിയാവില്ല. ഇതിനായി ബാങ്ക് വായ്പയെ ആശ്രയിക്കാവുന്നതാണ്. ഈ പദ്ധതി വിജയിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ ബാങ്കുകള്‍ വഴി നല്‍കിവരുന്ന പ്രത്യേക വായ്പ സ്‌കീമാണ് നേട്ടമാകുന്നത്.

വീടുകളുടെ മേൽക്കൂരയിൽ 3 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് മതിയാവും. ഇത്തരമൊരു പ്ലാന്റിന് ഏകദേശം 2.5 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. 3 കിലോവാട്ട് മുതല്‍ മുകളിലേയ്ക്കുള്ള ഇന്‍സ്റ്റാളേഷനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരമാവധി സബ്സിഡി തുക 78,000 രൂപയാണ്. എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകള്‍ എല്ലാം തന്നെ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വായ്പകള്‍ നല്‍കുന്നുണ്ട്. ഇത്തരം വായ്പകള്‍ 5.5 ശതമാനം പലിശ നിരക്ക് മുതല്‍ ലഭ്യമാണ്. ഈ വായ്പയ്ക്ക് ഈടോ പ്രോസസിങ് ഫീസോ നല്‍കേണ്ടതുമില്ല. സബ്സിഡി തുക അക്കൗണ്ടില്‍ എത്തുന്നതോടെ ഇഎംഐ ഭാരം കുറയുകയും ചെയ്യും.

പ്ലാന്റ് സ്ഥാപിക്കുന്നതോടെ പ്രതിമാസ കെഎസ്ഇബി ബില്ലില്‍ നിന്ന് ഉണ്ടാകുന്ന ലാഭം ഉപയോഗിച്ച് ബാങ്ക് ഇഎംഐ അടയ്ക്കാം. വായ്പാ കാലാവധി കഴിയുമ്പോള്‍ പ്ലാന്റ് പൂര്‍ണ്ണമായും സ്വന്തമാവും. മാസം ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ യൂണിറ്റും കെഎസ്ഇബി ഗ്രിഡില്‍ എത്തുന്നു. ഇതില്‍ നിന്ന് ഉപയോഗം കുറച്ചുള്ള യൂണിറ്റ് സോളാര്‍ അക്കൗണ്ടില്‍ വരവ് വയ്ക്കും. ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന യൂണിറ്റുകള്‍ക്ക് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കെഎസ്ഇബി പണം നല്‍കും. ഈ പണം വായ്പയിലേയ്ക്ക് അടയ്ക്കുകയോ, സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി സംസ്ഥാനം, വൈദ്യുതി വിതരണ കമ്പനി, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക

അപ്രൂവല്‍ ലഭിച്ചതിന് ശേഷം അംഗീകൃത വെന്റര്‍ വഴി സോളാര്‍ പാനല്‍ സ്ഥാപിക്കുക

ഇന്‍സ്റ്റലേഷന് ശേഷം നെറ്റ് മീറ്ററിനായി അപേക്ഷിക്കുക

രേഖകള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുക

പരിശോധന പൂര്‍ത്തിയായാല്‍ സബ്‌സിഡി തുക നേരിട്ട് അക്കൗണ്ടിൽ എത്തും.

News Now

Summary

PM Surya Ghar: Muft Bijli Yojana, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates