കൈയില്‍ ഒരു ലക്ഷം രൂപ ഉണ്ടോ?, പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ എത്ര കിട്ടും?; കണക്ക്

പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്.

post office scheme
post office schemeപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :17 ജനുവരി 2026, 3:30 pm IST

പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.

പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

ഉദാഹരണമായി ഈ സ്‌കീമില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശയിനത്തില്‍ മാത്രം 44,995 രൂപ ലഭിക്കും. അതായത് അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,44,995 രൂപയാണ് ലഭിക്കുക. 7.5 ശതമാനം പലിശനിരക്ക് കണക്കാക്കിയാണ് ഈ തുക.

News Now

Summary

Post office time deposit scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates