ജിയോയുടെ പത്തുകോടി നേട്ടം പഴങ്കഥ, 40 കോടി ഉപയോക്താക്കളുമായി ഐഡിയ വോഡഫോണ്‍ ലയനം

ഐഡിയ-വൊഡാഫോണ്‍ ഒന്നാകലിന് ശേഷം 40 കോടി ഉപയോക്താക്കള്‍ പുതിയ കമ്പനിക്ക് സ്വന്തമാകും

Edited by :migrator
Last Updated :19 ജനുവരി 2024, 11:54 pm IST

മുംബൈ: രാജ്യത്ത് ടെലികോം സേവനദാതാക്കളില്‍ അതികായകരായ ഐഡിയയും വൊഡാഫോണും ഒന്നാകുന്നു. സൗജന്യ ഡാറ്റയും, വോയിസ് കോളും വഴി രാജ്യത്തിലെ ടെലികോം ഉപയോക്താക്കള്‍ വലിയൊരു ഭാഗത്തെ തങ്ങളുടെ കുടക്കീഴിലാക്കിയ റിലയന്‍സ് ജിയോ സൃഷ്ടിച്ച വെല്ലുവിളി അതിജീവിക്കുകയാണ് ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ ഐഡിയയുടേയും വൊഡാഫോണ്‍ മൊബൈല്‍ സര്‍വീസസ് ലിമിറ്റഡിന്റേയും ഒന്നാകലിന് പിന്നിലുള്ള പ്രധാന കാരണം. 

ഐഡിയ-വൊഡാഫോണ്‍ സംയോജനത്തിലൂടെ നിലവില്‍ രാജ്യത്തുള്ള ടെലികോം കമ്പനികളില്‍ ഒന്നാമനായിരിക്കും പുതിയ കമ്പനി. ഉപയോക്താക്കളുടെ എണ്ണത്തിലും, വരുമാനത്തിലും റിലയന്‍സ് ജിയോ ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികള്‍ ഐഡിയ-വൊഡാഫോണിന് പിന്നിലാകും. രാജ്യത്തിലെ മൂന്നില്‍ ഒന്ന് ടെലികോം ഉപയോക്താക്കളുടെ പുതിയ കമ്പനിയുടെ കുടക്കീഴിലാകും. ചുരുക്കി പറഞ്ഞാല്‍ രാജ്യത്തെ 40 കോടി ജനങ്ങള്‍ പുതിയ കമ്പനിക്ക് സ്വന്തം.

പത്ത് കോടി ഉപയോക്താക്കളുടെ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന റിലയന്‍സ് ജിയോയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് ഐഡിയ-വൊഡാഫോണ്‍ സംയോജനം.

ഇതുകൊണ്ടും തീര്‍ന്നില്ല. സംയോജനത്തിലൂടെ രാജ്യത്തെ ഏറ്റവും കൂടുതലിടങ്ങളിലേക്ക് വ്യാപിച്ച ടെലികോം നെറ്റ് വര്‍ക്കും, ഏറ്റവും വലിയ 3ജി,4ജി സേവനദാതാക്കളും പുതിയ കമ്പനിയായിരിക്കും. ഒന്നാകലിന് ശേഷമുള്ള പുതിയ കമ്പനിയില്‍ 45 ശതമാനമായിരിക്കും വൊഡാഫോണിന്റെ ഒഹരി. രണ്ട് കമ്പനികള്‍ക്കും മൂന്ന് ഡയറക്‌റ്റേഴ്‌സിനെ വരെ നിര്‍ദേശിക്കാനായിരിക്കും അവകാശം. 

ഐഡിയ-വൊഡാഫോണ്‍ സംയോജനം രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. റിലയന്‍സ് ജിയോയുടെ കടന്നുവരവിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നെറ്റ് വര്‍ക്കിങ് മാര്‍ക്കറ്റായ ഇന്ത്യയില്‍ ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം പുതിയ തലങ്ങളിലേക്കെത്തിയിരുന്നു. 

ഒക്‌റ്റോര്‍-ഡിസംബര്‍ പാദത്തില്‍ നാല് വര്‍ഷത്തിലെ ഏറ്റവും കുറവ് വരുമാനമാണ് എയര്‍ടെല്ലിനുണ്ടായത്. ഇതേതുടര്‍ന്ന് ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള നോര്‍വേജിയന്‍ കമ്പനിയുടെ സേവനങ്ങള്‍ എയര്‍ടെല്‍ വാങ്ങിയിരുന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലുമായുള്ള സംയോജനത്തിന് കരാറൊപ്പിട്ടു കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഐഡിയയും വൊഡാഫോണും ഒന്നാകുന്നു; രാജ്യത്തെ ടെലികോം ഭീമനാകും