പിഴുതെടുത്താൽ അതിവേദന, മുറിച്ചെടുത്താൽ അറിയുക പോലുമില്ല; നഖത്തിന്റെയും മുടിയുടെയും വിചിത്ര സ്വഭാവത്തിന് പിന്നിൽ ചിലതുണ്ട്

ശിരോചർമത്തിന് പുറമെ വളരുന്ന മുടിയും നഖത്തിന്റെ പുറംഭാ​ഗവുമെല്ലാം നിർമ്മിച്ചിരിക്കുന്നത് കെരാറ്റിൻ എന്ന ഒരു പ്രോട്ടീൻ അടങ്ങിയ നിർജീവകോശങ്ങൾ കൊണ്ടാണ്

hair cutting
hair cuttingPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :25 മാർച്ച് 2026, 2:20 pm IST

ശരീരത്തിൽ ചെറിയൊരു മുറിവുണ്ടായാൽ പോലും ആ വേദന നമ്മൾക്ക് സഹിക്കാനാകില്ല. എന്നാൽ മുടിയോ നഖമോ മുറിച്ചു കളയുമ്പോൾ ആ വേദന തോന്നാറില്ല താനും. അതിനുള്ള കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ശിരോചർമത്തിന് പുറമെ വളരുന്ന മുടിയും നഖത്തിന്റെ പുറംഭാ​ഗവുമെല്ലാം നിർമ്മിച്ചിരിക്കുന്നത് കെരാറ്റിൻ എന്ന ഒരു പ്രോട്ടീൻ അടങ്ങിയ നിർജീവകോശങ്ങൾ കൊണ്ടാണ്. ഈ ഭാ​ഗങ്ങളിൽ നാഡിയോ രക്തക്കുഴലുകളോ ഇല്ലെന്നതു കൊണ്ടാണ് അവ മുറിച്ചു നീക്കുമ്പോൾ വേദന അനുഭവപ്പെടാത്തതും രക്തസ്രാവം ഉണ്ടാകാത്തതും.

അതേസമയം, ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളായ ചർമത്തിനും പേശികളിലും കോടിക്കണക്കിന് നാഡീകോശങ്ങൾ അടങ്ങിയിട്ടുണ്ട്. ആ ഭാ​ഗങ്ങളിൽ എന്തെങ്കിലും ആഘാതം ഉണ്ടായാൽ ഈ നാഡികൾ തലച്ചോറിലേക്ക് സി​ഗ്നൽ അയക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യും.

എന്നാൽ മുടിയുടെയും നഖത്തിന്റെയും പുറംഭാ​ഗത്ത് ഈ നാഡീബന്ധങ്ങൾ ഇല്ലാത്തതിനാൽ വേദനയുടെ സന്ദേശങ്ങൾ തലച്ചോറിലേക്ക് എത്തുന്നില്ല. എന്നാൽ ഇതേ മുടി ബലമായി ശിരോചർമത്തിൽ നിന്ന് പിഴുതെടുത്താൽ നല്ല വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഇതിനു കാരണം മുടിയുടെ വേരുകൾ ചർമത്തിനുള്ളിലെ ജീവനുള്ള കോശങ്ങളുമായും നാഡികളുമായും ബന്ധപ്പെട്ടിരിക്കുന്നു.

അതുപോലെ, നഖത്തിന്റെ മുൻവശം നിർജ്ജീവമാണെങ്കിലും നഖം ചർമവുമായി ചേർന്നിരിക്കുന്ന ഭാ​ഗം അതീവ സംവേദനക്ഷമമാണ്. ഇവിടെ ധാരാളം നാഡികളും രക്തക്കുഴലുകളും ഉള്ളതുകൊണ്ടാണ് നഖം ആഴത്തിൽ മുറിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുന്നത്. മുടിയും നഖവും മുറിക്കുന്നത് വേദനയുള്ള ഒന്നായിരുന്നുവെങ്കിൽ നമ്മുടെ ദൈനംദിന ജീവിതം ദുസ്സഹമാകുമായിരുന്നു. ചുരുക്കം പറഞ്ഞാൽ, ഇവ കോശങ്ങൾ ചേർന്നുണ്ടായ ഒരു നിർജീവമായ പുറംതോട് പോലെയാണ് പ്രവർത്തിക്കുന്നത്.

News Now

Summary

Cutting Nails and Hair does not hurt why

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates