വാതിൽ പൂട്ടിയിറങ്ങിയാലും ടെൻഷൻ, വീണ്ടും വീണ്ടും പരിശോധിക്കുന്ന ശീലമുണ്ടോ?

ഒസിഡി വ്യക്തികളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം.

OCD Symptoms
OCD SymptomsMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :13 ഫെബ്രുവരി 2026, 4:54 pm IST

വാതിൽ പൂട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും തിരിച്ചു ചെന്ന് വാതിൽ അടച്ചോയെന്ന് പരിശോധിക്കുന്ന ശീലമുണ്ടോ, അല്ലെങ്കിൽ ബാ​ഗിൽ സാധനങ്ങൾ വെച്ചിട്ടുണ്ടോയെന്ന് ആവർത്തിച്ചു പരിശോധിക്കാറുണ്ടോ? സംശയം തോന്നിയാൽ പരിശോധിക്കുന്നതിൽ തെറ്റില്ല, എന്നാൽ ഇത് പതിവാകുയോ, പല തവണ ഒരേ കാര്യം ആവർത്തിക്കുകയോ ചെയ്താൽ ശ്രദ്ധിക്കണം. ചിലരിൽ ഇത് ഒസിഡിയുടെ ലക്ഷണമാകാം.

പലരും വെറും വൃത്തിഭ്രാന്തായി മാത്രം ഒസിഡി അഥവാ ഒബ്സസീവ്-കംപൾസീവ് ഡിസോർഡറിനെ ചിത്രീകരിക്കാറുണ്ട്. ഇതൊരു മാനസികാരോ​ഗ്യ പ്രശ്നമാണ്. നിരന്തരമായ അനാവശ്യ ചിന്തകൾ, ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ അല്ലെങ്കിൽ ചില നിർബന്ധങ്ങൾ എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ. എന്നാൽ ഈ നിർബന്ധങ്ങൾ സന്തോഷത്തിനോ ഇഷ്ടത്തിനോ വേണ്ടി ചെയ്യുന്നതല്ല, മറിച്ച് തീവ്രമായ ഉത്കണ്ഠ ലഘൂകരിക്കുന്നതിനാണ്.

ഒസിഡി വ്യക്തികളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജനിതകം, തലച്ചോറിന്റെ പ്രവര്‍ത്തനം, ന്യൂറോട്രാന്‍മിറ്ററുകളുടെ അസന്തുലതാവസ്ഥ എന്നീ ഘടകങ്ങൾ ഒസിഡിക്ക് കാരണമാകാം. കൂടാതെ കുട്ടിക്കാലത്ത് ഉണ്ടായ ​ദുരനുഭവങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയും ഒസിഡിയിലേക്ക് നയിക്കാം.

ഒസിഡി ചികിത്സ

ഒസിഡി നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണ്, പ്രൊഫഷണൽ പിന്തുണ തേടുന്നത് രോഗലക്ഷണ നിയന്ത്രണം വളരെയധികം മെച്ചപ്പെടുത്തുകയും വ്യക്തികളെ കൂടുതൽ സംതൃപ്തമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും. തെറാപ്പി, മരുന്നുകൾ, ജീവിതശൈലി ക്രമീകരണങ്ങൾ എന്നിവയിലൂടെ ഒസിഡിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

തെറാപ്പി: കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (CBT), പ്രത്യേകിച്ച് എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രിവൻഷൻ (ERP), ഒസിഡി ചികിത്സിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇആര്‍പിയില്‍ ക്രമേണ ഭയപ്പെടുന്ന ചിന്തകളോ സാഹചര്യങ്ങളോ നേരിടുകയും നിർബന്ധിത പെരുമാറ്റങ്ങൾ, പ്രേരണകള്‍ എന്നിവയെ ചെറുക്കാൻ പഠിക്കുകയും ചെയ്യുന്നു.

ജീവിതശൈലി മാറ്റങ്ങൾ: പതിവ് വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ പിന്തുണയ്ക്കുകയും ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

മൈൻഡ്ഫുൾനെസ്സും സ്ട്രെസ്-റിഡക്ഷൻ ടെക്നിക്കുകളും: മൈൻഡ്ഫുൾനെസ്സ് മെഡിറ്റേഷൻ, യോഗ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയ പരിശീലനങ്ങൾ സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും, ഇത് ചില ഒസിഡി ലക്ഷണങ്ങളെ ലഘൂകരിക്കും.

News Now

Summary

OCD Symptoms and treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates