
അമിതവണ്ണമുള്ളവരിൽ ഫാറ്റി ലിവർ സാധ്യത വർധിപ്പിക്കും, കരിമ്പിൻ ജ്യൂസ് അത്ര 'നിഷ്കളങ്കനല്ല'
അമിതവണ്ണമുള്ളവരും മെറ്റബോളിക് രോഗങ്ങളുള്ളവരും ഈ പാനീയം അമിതമായി കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ തകരാറിലാക്കും.

ചുട്ടുപൊള്ളുന്ന വെയിലിൽ വാടിത്തളർന്ന് വരുമ്പോൾ ഐസും പുതിനയിലയും ഇഞ്ചിയും ചേർത്ത ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് നൽകുന്ന ആശ്വാസം ചെറുതല്ല. വേനൽക്കാലത്തെ പതിവു കാഴ്ചകളിൽ ഒന്നാണ് വഴിയോരങ്ങളിലെ കരിമ്പിൻ ജ്യൂസ് കടകൾ. എന്നാൽ പ്രകൃതിദത്തമായ ഈ മധുര പാനീയം നമ്മുടെ ആരോഗ്യത്തെ അപകടത്തിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഗാസ്ട്രോഎൻട്രോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
കരിമ്പിലെ പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിന് ഉടനടി ഊർജം നൽകുന്നതാണ്. വേനലിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങളെയും ജലാംശത്തെയും തിരികെ പിടിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ കരിമ്പിൻ ജ്യൂസിലേക്ക് നാരങ്ങാനീര്, പുതിന എന്നിവ ചേർക്കുമ്പോൾ രുചിയും ഇരട്ടിയാകും. എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ അപകടങ്ങൾ പലപ്പോഴും നാം അവഗണിക്കാറുണ്ട്. പ്രകൃതിദത്തമായതുകൊണ്ട് അവ ആരോഗ്യത്തിന് എപ്പോഴും നല്ലതായിരിക്കണമെന്ന് അർഥമില്ല.
കരിമ്പിൻ ജ്യൂസിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
പ്രമേഹരോഗികൾ സൂക്ഷിക്കുക
കരിമ്പ് നേരിട്ട് ചവച്ചു കഴിക്കുമ്പോൾ ലഭിക്കുന്ന ഭക്ഷ്യനാരുകൾ ജ്യൂസ് അടിക്കുമ്പോൾ പൂർണമായും ഒഴിവായി പോകുന്നു. നാരുകൾ ഇല്ലാത്തതിനാൽ, ജ്യൂസ് കുടിച്ച പിന്നാലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും.
പ്രമേഹമുള്ളവർ, പ്രീ-ഡയബറ്റിക് അവസ്ഥയിലുള്ളവർ എന്നിവർ കരിമ്പിൻ ജ്യൂസ് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ഗ്യാസ്, അസിഡിറ്റി തുടങ്ങി പ്രശ്നങ്ങളുള്ളവർക്ക് കരിമ്പിൻ ജ്യൂസ് അസ്വസ്ഥതയുണ്ടാക്കാം.
ഫാറ്റി ലിവർ സാധ്യത
അമിതമായ പഞ്ചസാര രക്തത്തിലെത്തിയാൽ ശരീരം അത് കൊഴുപ്പായി സംഭരിക്കാൻ തുടങ്ങുന്നു. ഇത് ഫാറ്റി ലിവർ സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണമുള്ളവരും മെറ്റബോളിക് രോഗങ്ങളുള്ളവരും ഈ പാനീയം അമിതമായി കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ തകരാറിലാക്കും.
വൃത്തിഹീനമായ സാഹചര്യം
ആരോഗ്യ അപകടസാധ്യത ഉയർത്തുന്ന മറ്റൊരു ഘടകം അവ നിർമ്മിക്കുന്ന സാഹചര്യമാണ്. വഴിയോരങ്ങളിൽ തുറന്ന സാഹചര്യത്തിലാണ് പലപ്പോഴും കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്നത്. ജ്യൂസിൽ ചേർക്കുന്ന ഐസ് അല്ലെങ്കിൽ വെള്ളം ശുദ്ധമല്ലെങ്കിൽ ടൈഫോയ്ഡ്, കോളറ തുടങ്ങി രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
കരിമ്പ് പിഴിഞ്ഞെടുക്കുന്ന യന്ത്രങ്ങൾ ശരിയായി വൃത്തിയാക്കാത്തതാണെങ്കിൽ അതിൽ ബാക്ടീരിയകളും വൈറസുകളും വളരാം. മലിനമായ സാഹചര്യങ്ങളിൽ തയാറാക്കുന്ന ജ്യൂസ് വഴി ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) പടരാൻ വലിയ സാധ്യതയുണ്ട്. മാത്രമല്ല, തുറന്നു വെച്ചിരിക്കുന്ന കരിമ്പുതടികളിലും യന്ത്രങ്ങളിലും ഈച്ചകൾ ഇരിക്കുന്നതും അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കലരുന്നതും വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്നു.
WHAT TO READ NEXT

അസഹനീയമായ ചൂട്, വെയിലത്ത് വാടാതിരിക്കാൻ ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ
ആരോഗ്യപരമായി കരിമ്പിൻ ജ്യൂസ് കുടിക്കാം
വൃത്തിയുള്ള സാഹചര്യത്തിൽ കിരമ്പിൻ ജ്യൂസ് ഉണ്ടാക്കുന്നയിടങ്ങളിൽ നിന്ന് വാങ്ങി കുടിക്കാം.
യന്ത്രങ്ങൾ കൃത്യമായി കഴുകി സൂക്ഷിക്കുകയും വൃത്തിയുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കുക.
ഐസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവിടം നമുക്കറിയില്ല. അതിനാൽ ഐസ് ചേർക്കാതെ കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
കരിമ്പിൻ ജ്യൂസ് പതിവാക്കാതെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെറിയ അളവിൽ കുടിക്കാവുന്നതാണ്.
ജ്യൂസ് കുടിച്ച ശേഷം വയറുവേദന, ചർദ്ദി, പനി തുടങ്ങി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ഡോക്ടറെ കാണുക.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Sugarcane Juice Health Risks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



