
സ്ത്രീകളിൽ തൈറോയ്ഡ് തിരിച്ചറിയാൻ വൈകുന്നതെന്തുകൊണ്ട്? തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങൾ
ലക്ഷണങ്ങളെ വെറും സാധാരണ ക്ഷീണമെന്നോ ജോലിത്തിരക്കിൻ്റെ സമ്മർദ്ദമെന്നോ കരുതി തള്ളിക്കളയുന്നതാണ് പലപ്പോഴും രോഗം സങ്കീർണ്ണമാകാൻ കാരണമാകുന്നത്.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തൈറോയ്ഡ് അനുബന്ധ രോഗങ്ങൾ. ലോകമെമ്പാടും ഇതൊരു 'നിശബ്ദ മഹാമാരി'യായി പടരുകയാണെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഏറ്റവും ആശങ്കാജനകമായ വസ്തുത എന്തെന്നാൽ തൈറോയ്ഡ് ബാധിക്കുന്ന ഭൂരിഭാഗം സ്ത്രീകളിലും വളരെ വൈകിയാണ് രോഗനിർണ്ണയം നടക്കുന്നത് എന്നതാണ്.
ലക്ഷണങ്ങളെ വെറും സാധാരണ ക്ഷീണമെന്നോ ജോലിത്തിരക്കിൻ്റെ സമ്മർദ്ദമെന്നോ കരുതി തള്ളിക്കളയുന്നതാണ് പലപ്പോഴും രോഗം സങ്കീർണ്ണമാകാൻ കാരണമാകുന്നത്. നമ്മുടെ കഴുത്തിൻ്റെ മുൻഭാഗത്ത് ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ (Metabolism) നിയന്ത്രിക്കുന്ന പ്രധാന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്.
തൈറോയ്ഡ് ഹോർമോണിൻ്റെ അളവ് കുറയുന്ന അവസ്ഥയെ ഹൈപ്പോതൈറോയ്ഡിസം (Hypothyroidism) എന്നും, അളവ് കൂടുന്നതിനെ ഹൈപ്പർതൈറോയ്ഡിസം (Hyperthyroidism) എന്നും വിളിക്കുന്നു.
ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതെന്തുകൊണ്ട്?
സ്ത്രീകളിൽ തൈറോയ്ഡ് രോഗനിർണ്ണയം വൈകുന്നതിന് പിന്നിലെ പ്രധാന കാരണം അതിന്റെ പ്രാരംഭ ലക്ഷണങ്ങൾ അതീവ സൂക്ഷ്മവും ദൈനംദിന ജീവിതപ്രശ്നങ്ങളുമായി ഏറെ സാമ്യമുണ്ട് എന്നതാണ്. അകാരണമായ കടുത്ത ക്ഷീണം, പെട്ടെന്നുണ്ടാകുന്ന ശരീരഭാര വ്യതിയാനങ്ങൾ, മൂഡ് ചേഞ്ചസ്, ഓർമ്മക്കുറവ് അല്ലെങ്കിൽ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ (Brain fog), ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ഭൂരിഭാഗം സ്ത്രീകൾ അവഗണിക്കാരാണ് പതിവ്.
അതോടൊപ്പം തിരക്കേറിയ ജീവിതശൈലിയുടെ ഭാഗമായി മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, അല്ലെങ്കിൽ ആർത്തവവിരാമത്തിന് മുന്നോടിയായുള്ള (Premenopausal) ശാരീരിക മാറ്റങ്ങൾ എന്നിവയായി ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.
മാസങ്ങളോ വർഷങ്ങളോ എടുത്താണ് തൈറോയ്ഡ് ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകുന്നത് എന്നതിനാൽ, ഈ ശാരീരിക ബുദ്ധിമുട്ടുകളോട് ശരീരം പതുക്കെ പൊരുത്തപ്പെടുകയും, ഇതൊരു രോഗലക്ഷണമാണെന്ന് തിരിച്ചറിയാതെ 'സ്വാഭാവിക അവസ്ഥ'യായി സ്ത്രീകൾ കരുതിപ്പോരുകയും ചെയ്യുന്നു. ഇത്തരം ശാരീരിക-മാനസിക തളർച്ചകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്നതുകൊണ്ടാണ്, രോഗം ഗുരുതരമാകുന്നതുവരെ കൃത്യമായ രക്തപരിശോധനകൾ നടത്താൻ പലരും മുതിരാത്തതും രോഗനിർണ്ണയം വർഷങ്ങളോളം വൈകുന്നതും.
തൈറോയ്ഡ്: പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം
തൈറോയ്ഡ് രോഗത്തിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് സാധാരണ അസുഖങ്ങളുടേതുമായി സാമ്യമുള്ളതായതുകൊണ്ട് സ്ത്രീകൾ ഇത് അവഗണിക്കാറാണ് പതിവ്. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ദ്ധ നിർദ്ദേശം തേടുക:
അകാരണമായ ക്ഷീണവും തളർച്ചയും: ആവശ്യത്തിന് ഉറങ്ങിയാലും മാറാത്ത കടുത്ത ക്ഷീണം ഹൈപ്പോതൈറോയ്ഡിസത്തിൻ്റെ പ്രധാന ലക്ഷണമാണ്.
ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ: തൈറോയ്ഡ് ഉള്ളവരിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താതെ തന്നെ പെട്ടെന്ന് ശരീരഭാരം കൂടിയാൽ ഹൈപ്പോതൈറോയ്ഡിസം ആയും, അമിതമായി കുറയുകയോ ചെയ്താൽ ഹൈപ്പർതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളായി തിരിച്ചറിയുക.
ആർത്തവ വ്യതിയാനങ്ങൾ: ആർത്തവം ക്രമം തെറ്റുക, അമിതമായ രക്തസ്രാവം അല്ലെങ്കിൽ വളരെ കുറഞ്ഞ രക്തസ്രാവം എന്നിവ തൈറോയ്ഡ് ഹോർമോണിൻ്റെ വ്യതിയാനം മൂലമാകാം.
അമിതമായ മുടികൊഴിച്ചിൽ: തലമുടി വല്ലാതെ വരണ്ടുപോകുന്നതും നഖങ്ങൾ പൊട്ടിപ്പോകുന്നതും തൈറോയ്ഡ് തകരാറിൻ്റെ ലക്ഷണമാണ്.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ: പെട്ടെന്നുണ്ടാകുന്ന ദേഷ്യം, വിഷാദം (Depression), കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ.
താപനിലയിലെ വ്യതിയാനങ്ങൾ: മറ്റുള്ളവർക്ക് തോന്നാത്ത കടുത്ത തണുപ്പോ (Cold intolerance) അല്ലെങ്കിൽ അമിതമായ ചൂടോ വിയർപ്പോ അനുഭവപ്പെടുക.
തൈറോയ്ഡ് ഉണ്ടാകാനുള്ള കാരണങ്ങളും സാധ്യതാഘടകങ്ങളും
സ്ത്രീകളിൽ തൈറോയ്ഡ് രോഗങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:
ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ (Autoimmune Diseases): ശരീരത്തിൻ്റെ രോഗപ്രതിരോധ വ്യവസ്ഥ തന്നെ തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുന്ന 'ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്' പോലുള്ള അവസ്ഥകൾ സ്ത്രീകളിലാണ് കൂടുതൽ കാണപ്പെടുന്നത്.
ഹോർമോൺ വ്യതിയാനങ്ങൾ: ഗർഭാവസ്ഥ, ആർത്തവവിരാമം (Menopause) തുടങ്ങിയ ഘട്ടങ്ങളിൽ സ്ത്രീകളിൽ കടുത്ത ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത് തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കാം.
പാരമ്പര്യം: കുടുംബങ്ങളിൽ ആർക്കെങ്കിലും തൈറോയ്ഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അത് അടുത്ത തലമുറയിലെ സ്ത്രീകളെ ബാധിക്കാൻ സാധ്യത കൂടുതലാണ്.
മാനസിക സമ്മർദ്ദവും ജീവിതശൈലിയും: വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കോർട്ടിസോൾ ഹോർമോണിൻ്റെ അളവ് കൂട്ടുകയും ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും ചെയ്യുന്നു.
നേരത്തെയുള്ള രോഗനിർണ്ണയം എന്തിനാണ്?
ലക്ഷണങ്ങൾ അവഗണിക്കുന്നത് ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. വന്ധ്യത (Infertility), ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ, അമിതമായ കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യതകൾ, സന്ധി വേദനകൾ എന്നിവ തൈറോയ്ഡ് കൃത്യസമയത്ത് ചികിത്സിക്കാത്തതുകൊണ്ട് ഉണ്ടാകാം.
ഒരു TSH, T3, T4 രക്തപരിശോധന ടെസ്റ്റിലൂടെ തൈറോയ്ഡ് രോഗം വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. മുപ്പത് വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും വർഷത്തിലൊരിക്കലെങ്കിലും തൈറോയ്ഡ് പരിശോധന നടത്തുന്നത് രോഗം നേരത്തെ കണ്ടെത്തുന്നതിനും ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കും.
WHAT TO READ NEXT

നെഞ്ചുവേദന മാത്രം അല്ല; യുവാക്കളിലെ ഹൃദയാഘാത ലക്ഷണങ്ങൾ അറിയാം
തൈറോയ്ഡ് നിയന്ത്രണത്തിലാക്കാൻ മരുന്നുകൾ കൃത്യമായി കഴിക്കുന്നതോടൊപ്പം ശരിയായ ജീവിതശൈലിയും പ്രധാനമാണ്. അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. സോയ ഉൽപ്പന്നങ്ങൾ, കാബേജ്, ബ്രോക്കോളി എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക (പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ). ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും യോഗയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

Dr. Jimmy C John - .
തയ്യാറാക്കിയത്: ഡോ. ജിമ്മി സി ജോൺ, സീനിയർ കൺസൾട്ടന്റ് ജനറൽ സർജൻ, ആസ്റ്റർ മിംസ് കണ്ണൂർ
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര് പ്രകാശ് ഹൈക്കമാന്ഡിന് മുന്നില്; ഖാര്ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള് വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Thyroid problems in women: Reasons and symptoms
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



