കളിക്കുന്നതിനിടെ കേക്ക് അലങ്കരിക്കാൻ ഉപയോ​ഗിക്കുന്ന പൊടി ശ്വസിച്ചു; ഒരു വയസ്സുകാരൻ കോമയിൽ

അടിയന്തരമായി കുഞ്ഞിന്‍റെ ശ്വാസനാളങ്ങളിലും ശ്വാസകോശത്തിലും അടിഞ്ഞുകൂടിയ പൊടിയുടെ കണികകൾ നീക്കം ചെയ്തു.

Toddler In Coma
Toddler In ComaSource by : Screen short
Last Updated :23 May 2026, 12:50 pm IST

കേക്ക് അലങ്കരിക്കാൻ ഉപയോ​ഗിക്കുന്ന പൊടി (മെറ്റാലിക് കേക്ക് ഡെക്കറേറ്റിങ് പൗഡർ) ശ്വസിച്ച് ഒരു വയസ്സുകാരൻ കോമയിലായി. ഓസ്ട്രേലിയയിലെ ​ഗോൾ കോസ്റ്റിലാണ് സംഭവം. മെയ്യ് ഒന്നിന് സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാളിന് വേണ്ടി വീട്ടിൽ കേക്ക് തയ്യാറാക്കുന്നതിനിടെ കുഞ്ഞ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് അമ്മ കാറ്റി റോബിൻസൺ പറയുന്നു.

ഇതിനിടെ ഡ്രോയറിൽ നിന്ന് കേക്ക് ഡെക്കറേറ്റിങ് പൗഡർ അടങ്ങിയ പാക്കറ്റ് എടുക്കുകയും കടിച്ചു തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് ശ്വസിച്ചതിന് പിന്നാലെ കുഞ്ഞ് ചുമയ്ക്കാനും കഠിനമായ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിക്കാനും തുടങ്ങി. പിന്നാലെ പ്രതികരണശേഷിയും നഷ്ടപ്പെട്ടത്തായി കാറ്റി പറഞ്ഞു.

ഉടന്‍ തന്നെ പാരാമെഡിക്കുകള്‍ എത്തി കുഞ്ഞിനെ ക്വീൻസ്‌ലാൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെവച്ച് അടിയന്തരമായി കുഞ്ഞിന്‍റെ ശ്വാസനാളങ്ങളിലും ശ്വാസകോശത്തിലും അടിഞ്ഞുകൂടിയ പൊടിയുടെ കണികകൾ നീക്കം ചെയ്തു. എങ്കിലും കുഞ്ഞ് കോമയിൽ തു‌ടരുകയാണ്. നിലവില്‍ കുഞ്ഞിന്‍റെ നില മെച്ചെപ്പെട്ടുവരുന്നതായും എന്നാൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പൊടിയുടെ നിര്‍മാതാക്കള്‍ ഉൽപ്പന്നം അടിയന്തരമായി തിരിച്ചുവിളിച്ചതായാണ് റിപ്പോര്‍ട്ട്.

ശ്വസിക്കുകയോ അകത്താക്കുകയോ ചെയ്താല്‍ ദോഷകരമായേക്കാവുന്ന വസ്തുക്കള്‍ ആയ ചെമ്പും സിങ്കും പൊടിയില്‍ അടങ്ങിയതായി ലാബിലെ പരിശോധനയ്ക്ക് ശേഷം അധികൃതര്‍ അറിയിച്ചു. രക്തത്തിൽ എളുപ്പത്തിൽ ലയിക്കാത്തവയാണിവ. 2019 മുതൽ ഈ ഉൽപ്പന്നം വിപണിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ഇത്തരം മെറ്റാലിക് പൗഡർ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പൊടിയുടെ പാക്കേജില്‍ വിഷരഹിതമാണെന്ന് എഴുതിയിരുന്നതായി കാറ്റി പറയുന്നു. മാത്രമല്ല കേക്കുകളില്‍, കഴിക്കുന്നതിന് മുന്‍പ് നീക്കം ചെയ്യുന്ന ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിന് എന്ന് സൂചിപ്പിച്ചതായും കാറ്റി അവകാശപ്പെട്ടു. എന്നിരുന്നാലും, ഭക്ഷ്യയോഗ്യമായ കേക്ക് അലങ്കരിക്കാനുള്ള ഉൽപ്പന്നങ്ങൾക്കൊപ്പമാണ് ഈ പൊ‍ടിയും കടകളില്‍ പ്രദർശിപ്പിച്ചിരുന്നതെന്നും ഇത് ഉപഭോക്താക്കളില്‍ അശങ്കയുണ്ടാക്കുമെന്നും കാറ്റി അഭിപ്രായപ്പെടുന്നു.

News Now

Summary

Toddler in coma after inhaling cake decorating dust 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates