ആഘോഷങ്ങൾക്കിടെ ഹൃദയത്തെ മറക്കരുത്, എന്താണ് 'ഹോളിഡേ ഹാർട്ട് സിൻഡ്രോം'

അമിത മദ്യപാനവും അമിതമായി ഭക്ഷണം കഴിക്കുന്നതും വ്യായാമം കുറയുന്നതുമൊക്കെ ഹൃദയമിടിപ്പിനെ ബാധിക്കാനും അവയുടെ തളംതെറ്റിക്കാനും കാരണമാകും.

Holiday heart syndrome
Holiday heart syndromePinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :4 ഏപ്രിൽ 2026, 2:34 pm IST

ഈസ്റ്റർ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. ആഘോഷവേളയിൽ മദ്യത്തിന്റെ അകമ്പടി മലയാളികൾക്ക് ഇന്ന് സാധാരണമായിരിക്കുകയാണ്. എന്നാൽ ഓരോ തുള്ളി മദ്യവും നിങ്ങളുടെ ആരോ​ഗ്യത്തെ വലിയരീതിയിൽ ബാധിക്കും, പ്രത്യേകിച്ച് ഹൃദയാരോ​ഗ്യത്തെ. ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്നാണ് ഈ അവസ്ഥയെ വിദ​ഗ്ധർ വിശേഷിപ്പിക്കുന്നത്.

അമിത മദ്യപാനവും അമിതമായി ഭക്ഷണം കഴിക്കുന്നതും വ്യായാമം കുറയുന്നതുമൊക്കെ ഹൃദയമിടിപ്പിനെ ബാധിക്കാനും അവയുടെ തളംതെറ്റിക്കാനും കാരണമാകും. ഇതിനെയാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. ആഘോഷങ്ങൾക്കൊക്കെ ഒടുവിൽ ഹൃദയാഘാത സാധ്യത കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങൾ പറയുന്നു.

അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ

  • ആഘോഷങ്ങളുടെ ഭാഗമായുള്ള അമിത മദ്യപാനം ഹൃദയപേശികളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യുന്നു.

  • വിരുന്നുകളിലെ ഉപ്പും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ വിഭവങ്ങൾ പെട്ടെന്ന് രക്തസമ്മർദം കൂട്ടാൻ കാരണമാകുന്നു.

  • ആഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്കുകൾ, യാത്രകൾ, സാമ്പത്തിക സമ്മർദം എന്നിവ ഹൃദയത്തിന് അധിക ജോലിഭാരം നൽകുന്നു.

ആഘോഷങ്ങളിൽ മുഴുകി നിൽക്കുമ്പോൾ ഉണ്ടാകുന്ന പല ശാരീരിക ബുദ്ധിമുട്ടുകളും പലരും വകവയ്ക്കാറില്ല. എന്നാൽ അത് സാഹചര്യം വഷളാക്കാനും ​രോ​ഗം ​ഗുരുതരമാകാനും കാരണമാകും. ആഘോഷം മുടങ്ങാതിരിക്കാൻ നെഞ്ചുവേദനയോ അസ്വസ്ഥതയോ വന്നാൽ പോലും പലരും ചികിത്സ തേടാൻ മടിക്കാറുണ്ട്. ഇത് കാര്യങ്ങൾ വഷളാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തുക. ആഘോഷങ്ങൾക്കിടയിലും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കാൻ ശ്രദ്ധിക്കുക. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവർ അത് മുടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ ഹൃദയമിടിപ്പ്, കിതപ്പ്, നെഞ്ചിൽ ഭാരം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക.

News Now

Summary

Alcohol drinking and heart health, what is Holiday syndrome

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates