ട്രോഫി വിതരണം ചെയ്യാൻ വേദിയിലേക്ക് റോബോട്ട് നടന്നെത്തി; തൂക്കുപാലം വിജയമാതാ സ്കൂളിലെ സ്പോർട്സ് ഡേയിൽ അത്ഭുതക്കാഴ്ച!

അടൽ തിങ്കറിംഗ് ലാബിന്റെ സഹായത്തോടെ പ്ലസ് വൺ വിദ്യാർത്ഥികൾ നിർമ്മിച്ച റോബോട്ട് കൈയടി നേടി

Robot in action
Robot in action
Edited by :Damodaran K
Last Updated :8 ജൂലൈ 2026, 10:34 am IST

തൂക്കുപാലം: ഇടുക്കി തൂക്കുപാലം വിജയമാതാ സ്കൂളിലെ വാർഷിക കായികമേളയുടെസമ്മാനദാന ചടങ്ങിന് ട്രോഫികൾ നൽകാൻ എത്തിയ ആളെ കണ്ട് കുട്ടികളും ചടങ്ങിന് എത്തിയ വിശിഷ്ട വ്യക്തികളും ഒരുപോലെ അമ്പരന്നു. ആ അമ്പരപ്പ് പിന്നീട് വലിയ കൗതുകത്തിലേക്കും അത്ഭുതത്തിലേക്കും വഴിമാറി. സ്കൂളിലെ കുട്ടികൾ തന്നെ സ്വന്തമായി നിർമ്മിച്ച ഒരു റോബോട്ടാണ് കായിക മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തത്. മലയോര മേഖലയിലെ സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന്റെ തെളിവായി മാറി ഈ കൗതുക കാഴ്ച.

പേര് വിളിക്കുമ്പോൾ ട്രോഫിയുമായി മുന്നിലേക്ക്; വേദിയിലെ താരം റോബോട്ട്

വേദിയിൽ വിജയികളുടെ പേര് പ്രഖ്യാപിക്കുന്നതിനനുസരിച്ച് റോബോട്ട് ട്രോഫിയുമായി സദസ്സിന് മുന്നിലെത്തുകയും അത് കൈമാറുകയും ചെയ്യുന്ന കാഴ്ച ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണമായി മാറി.

സ്കൂളിലെ അടൽ തിങ്കറിംഗ് ലാബിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഈ റോബോട്ടിനെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ബിയോൺ പി. സാം, അഭിനവ് ബിനു, റിണാൾഡ് ജെ., ബസുദേവ് അനീഷ്, ആദിത്യൻ കെ. ഷിജു, റോയിസ് കെ. ജോസഫ് എന്നീ ആറ് മിടുക്കന്മാരായ വിദ്യാർത്ഥികളാണ് ഈ റോബോട്ടിന്റെ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ചത്. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ചിപ്പുകൾ, ആർഡിനോ മൈക്രോകൺട്രോളർ, മോട്ടോറുകൾ, മോട്ടോർ ഡ്രൈവറുകൾ, ബ്ലൂടൂത്ത് ചിപ്പുകൾ തുടങ്ങിയവയാണ് ഇതിന്റെ നിർമ്മാണത്തിനായി കുട്ടികൾ പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്.

ലക്ഷ്യം സാങ്കേതികവിദ്യയോടുള്ള താൽപര്യം വളർത്തൽ

പുതിയ കാലത്തെ സാങ്കേതികവിദ്യകൾ കുട്ടികൾ സ്വയം പഠിച്ചെടുക്കുന്നതിന്റെ സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും ആധുനിക സാങ്കേതികവിദ്യയോടുള്ള താൽപര്യവും പ്രായോഗിക ബുദ്ധിയും വളർത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഇത്തരമൊരു സംരംഭത്തിന് പിന്തുണ നൽകിയതെന്ന് സ്കൂൾ പ്രിൻസിപ്പാൾ സി. ലിൻസ എസഎ.ബിഎസ് (SABS) പറഞ്ഞു.

റോബോട്ടിന്റെ പ്രാഥമിക മോഡൽ മാത്രമാണ് നിലവിൽ കുട്ടികൾ കായികമേളയ്ക്കായി വിജയകരമായി നിർമ്മിച്ചിട്ടുള്ളത്. ഇതിനെ കൂടുതൽ പരിഷ്കരിച്ച്, മനുഷ്യസഹായമില്ലാതെ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന ഒരു പതിപ്പ് നിർമ്മിക്കുവാനുള്ള അടുത്ത ഘട്ട ശ്രമങ്ങളിലാണ് ഈ പ്ലസ് വൺ വിദ്യാർത്ഥിക്കൂട്ടം.

News Now

Summary

In a delightful surprise, a student-made robot distributed trophies to the winners at the annual Sports Day of Vijayamatha School in Thookkupalam, Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates