വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

പിക്കപ്പ് വാനിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; ഫോണുകൾ സ്വിച്ച് ഓഫ്, അവസാന ലൊക്കേഷൻ വീട്ടുപരിസരം

police
പ്രതീകാത്മക ചിത്രം
Edited by :Damodaran K
Last Updated :12 ജൂലൈ 2026, 4:28 pm IST

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം പനയൂരിലെ 'കൃഷ്ണകൃപ' വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം താമസിച്ചിരുന്ന വീട് നാല് ദിവസമായി പൂട്ടിക്കിടക്കുന്ന നിലയിലാണ്.

കള്ളം പറഞ്ഞ് യാത്ര; പിക്കപ്പ് വാനിൽ പോയതായി സ്ഥിരീകരണം

ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ യാത്ര തിരിക്കും മുൻപ് അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.

ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വരികയും വീട് പൂട്ടിക്കിടക്കുകയും ചെയ്തതോടെ അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലും യാതൊരു വിവരവും ലഭിച്ചില്ല.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ സ്വന്തം പിക്കപ്പ് വാൻ വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബം ഈ വാഹനത്തിലാണ് പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് വാഹനം ഏത് റൂട്ടിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഫോണുകൾ സ്വിച്ച് ഓഫ്; സാമ്പത്തിക ബാധ്യതയെന്ന് സംശയം

കാണാതായ മൂവരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ പരിസരത്ത് തന്നെയാണ് അവസാന ലൊക്കേഷൻ കാണിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വാഹനം പുറപ്പെടുന്നതിന് തൊട്ടുമുൻപോ അതിന് ശേഷമോ ഒരേസമയം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതാകാനാണ് സാധ്യത.

സ്വന്തമായി ബിസിനസ്സ് നടത്തിയിരുന്ന കുടുംബത്തിന് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ കടബാധ്യതകൾ ഭയന്ന് എവിടെയെങ്കിലും മാറി നിൽക്കുകയാണോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കാണാതായവരുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യംചെയ്തുവരികയാണ്.

News Now

Summary

The Shornur police have launched an intensive investigation following a complaint that a three-member family from Vaniamkulam in Palakkad has been missing for the past four days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates