
'പ്രിയദർശിനി' കുരുക്ക്: തൃശ്ശൂരിൽ 200-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തി
വരുമാനമില്ലാതെ പ്രതിസന്ധിയിലായി ബസ് ജീവനക്കാർ, മലക്കപ്പാറ റൂട്ടിൽ അപകടയാത്ര
തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി മലബാറിലെയും മധ്യകേരളത്തിലെയും പൊതുഗതാഗത മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നിലവിൽ വന്നതോടെ, തൃശ്ശൂർ ജില്ലയിൽ മാത്രം 200-ലധികം സ്വകാര്യ ബസുകളാണ് ഈ മാസം മുതൽ സർവീസ് പൂർണ്ണമായും നിർത്തിവെച്ചത്. നിത്യനിദാന ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്തവിധം വരുമാനം ഇടിഞ്ഞതാണ് ബസുകളുടെ സർവീസ് നിർത്തിവയ്ക്കാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്.
സ്ഥിരം യാത്രക്കാരായ സ്ത്രീകളിൽ ഭൂരിഭാഗവും കെഎസ്ആർടിസി ബസുകളെ ആശ്രയിക്കാൻ തുടങ്ങിയതാണ് സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായത്. തൃശ്ശൂർ-കൊടുങ്ങല്ലൂർ, തൃശ്ശൂർ-കുന്നംകുളം, തൃശ്ശൂർ-ഗുരുവായൂർ തുടങ്ങിയ പ്രധാന റൂട്ടുകളിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ലോങ് റൂട്ട് ബസുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നഗരപ്രാന്തങ്ങളിൽ സർവീസ് നടത്തുന്ന ബസുകളുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല. ധനകാര്യ പ്രതിസന്ധി മറികടക്കാനായി ഭൂരിഭാഗം ഓപ്പറേറ്റർമാരും സർവീസുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണ്.
ജീവനക്കാർ വഴിയാധാരമാകുന്നു; സർവീസുകൾ പകുതിയായി കുറച്ചു
പ്രതിദിനം നാല് സർവീസുകൾ (രാവിലെ രണ്ടും വൈകിട്ട് രണ്ടും) നടത്തിയിരുന്ന പല ബസുകളും ഇപ്പോൾ ജീവനക്കാരുടെ എണ്ണവും ഇന്ധനച്ചെലവും നിയന്ത്രിക്കുന്നതിനായി സർവീസുകൾ രണ്ടായി ചുരുക്കിയിട്ടുണ്ട്.
ഇത് ഒന്നോ രണ്ടോ ബസുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ബസുകൾ സർവീസ് നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോൾ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ ഉൾപ്പെടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനമാർഗ്ഗമാണ് ഇല്ലാതാകുന്നത്. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ ഒരു സ്ഥിരമായ പരിഹാരം സർക്കാർ തലത്തിൽ ഉണ്ടാകണം. - പ്രമുഖ ബസ് ഓപ്പറേറ്ററായ പ്രേംകുമാർ ചൂണ്ടിക്കാട്ടി.
സർവീസുകൾ കുറയ്ക്കുന്നതിലൂടെ ബസ് സ്റ്റാൻഡ് ഫീസുകൾ, ബസ് അറ്റകുറ്റപ്പണി ചെലവുകൾ തുടങ്ങിയ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഉടമകൾ പറയുന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ ബസ് ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.
യാത്രാക്ലേശം രൂക്ഷം; മലക്കപ്പാറയിൽ കെണി ഒരുക്കി ടൂറിസ്റ്റുകൾ
സ്വകാര്യ ബസുകൾ കൂട്ടത്തോടെ പിൻവാങ്ങിയതോടെ ജില്ലയിലെ പല ഉൾപ്രദേശങ്ങളിലും യാത്രാക്ലേശം അതീവ രൂക്ഷമായിട്ടുണ്ട്. എല്ലാ റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ ലഭ്യമാകാത്തതാണ് സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
അതേസമയം, ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് ഓടുന്ന ഓർഡിനറി കെ.എസ്.ആർ.ടി.സി ബസിൽ നിലവിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കാട്ടുപ്രദേശങ്ങളിലൂടെയും മലയോര പാതകളിലൂടെയും കടന്നുപോകുന്ന ഈ റൂട്ടിൽ, ബസുകൾ പരമാവധി ശേഷിയിൽ അധികം ആളുകളുമായി സർവീസ് നടത്തുന്നത് അതീവ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
നാട്ടുകാർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കേണ്ട ഈ പൊതു സർവീസ്, വിനോദസഞ്ചാരികൾ വൻതോതിൽ ചൂഷണം ചെയ്യുന്നതാണ് വൻ തിരക്കിനും അപകടയാത്രയ്ക്കും കാരണമാകുന്നതെന്നാണ് മലക്കപ്പാറ സ്വദേശിയായ റിജേഷിൻറെ പരിഭവം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Sprinting a major operational crisis in the public transport sector, more than 200 private buses have completely halted their services in Thrissur district from this month.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

സ്വകാര്യ ബസ് വ്യവസായം നിലനിർത്താൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പോര; ബസ് ചാർജ് വർദ്ധിപ്പിക്കാതെ രക്ഷയില്ലെന്ന് ബസുടമകൾ

പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ഷെഡ്യൂളുകൾ മാറ്റണമെന്ന് പത്മകുമാർ സമിതി റിപ്പോർട്ട്





