'പേരയ്ക്ക'- അമ്മു ദീപ എഴുതിയ കവിത

ഒരു വലിയ പേരമരമുണ്ടായിരുന്നുഅതു നില്‍ക്കുന്ന കുന്നിന്‍ചോട്ടിലായിരുന്നു കുട്ടിക്കാലം

ചിത്രീകരണം: മറിയം ജാസ്മിൻ
Last Updated :20 January 2024, 8:51 am IST

ഒരു വലിയ പേരമരമുണ്ടായിരുന്നു
അതു നില്‍ക്കുന്ന കുന്നിന്‍ചോട്ടിലായിരുന്നു കുട്ടിക്കാലം

ഉച്ചവെയില്‍ നെറ്റിയില്‍ കുത്തുമ്പോള്‍
ചീമക്കൊന്നക്കമ്പുകൊണ്ട്  തോട്ടികെട്ടി ഞങ്ങളിറങ്ങും

ഏറ്റവും തറ്റത്തു നില്‍ക്കുന്ന
പച്ചച്ചു മഞ്ഞച്ചു വീര്‍ത്ത പേരയ്ക്കയില്‍
ഞങ്ങളുടെ കണ്ണുടക്കും

അതു കടിക്കുമ്പോഴത്തെ
ഇളം ചൂടും
മണവും മധുരവും 
കിരുകിരുപ്പും ഞങ്ങള്‍ക്കറിയാം

സൂര്യന്റെ തൊട്ടു ചോട്ടിലായാണ് അതിന്റെ നില്‍പ്പ്

എത്ര നീട്ടിയാലും തോട്ടി എത്തില്ല
ഒന്നിച്ച് കുലുക്കിയാലും താഴെ വീഴില്ല 

തോട്ടിയില്‍ ഒരിക്കലും കുരുങ്ങാത്ത 
ആ പേരയ്ക്കയുടെ പേരിലായിരുന്നു 
അന്നത്തെ ഞങ്ങളുടെ സ്‌നേഹം മുഴുവന്‍ 
കൊഴുത്തു തഴച്ചിരുന്നത്

ചവര്‍പ്പന്‍ കായ്കള്‍ വായിലിട്ടു 
ചവച്ചു തുപ്പിക്കൊണ്ട്
ഉളുക്കിയ കഴുത്തുമായ്
സന്ധ്യയ്ക്ക് ഞങ്ങള്‍ കുന്നിറങ്ങും

ഒരു ദിവസം ചെന്നു നോക്കുമ്പോള്‍
ആ പേരയ്ക്ക അവിടെ കാണില്ല

ആരുകൊണ്ടുപോയെന്ന് ഒരു പിടിയും കിട്ടില്ല

(ഞങ്ങളല്ലാതെ ആരുമാ കുന്ന് കേറാറില്ല
പക്ഷി കൊത്തിയിട്ടതിന്‍
പാടുകളുമില്ല)

മരണവീട്ടിലേയ്ക്കുള്ള യാത്ര പോലെ
അന്നേ ദിവസം ചെല്ലുമ്പോള്‍
അതവിടെ കാണില്ലെന്ന ഉറപ്പില്‍ 
നിശബ്ദരായാണ് ഞങ്ങള്‍ കുന്നുകേറാറ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now