
'ദൂരങ്ങള്‍'- സച്ചിദാനന്ദന് എഴുതിയ കവിത
എനിക്ക് വായനമുറിയില്‍ പോകാന്ഒരു കടല്‍ മുറിച്ചുകടക്കണംകിടപ്പുമുറിയിലേക്ക് ഒരു കാട്അതിഥിമുറിയിലേക്ക് ഒരു പര്വ്വതംതീന്മേശയിലേക്ക് മൂന്നു ഭൂഖണ്ഡങ്ങള്‍
എനിക്ക് വായനമുറിയില്‍ പോകാന്‍
ഒരു കടല്‍ മുറിച്ചുകടക്കണം
കിടപ്പുമുറിയിലേക്ക് ഒരു കാട്
അതിഥിമുറിയിലേക്ക് ഒരു പര്‍വ്വതം
തീന്മേശയിലേക്ക് മൂന്നു ഭൂഖണ്ഡങ്ങള്‍
പൂക്കള്‍ പറിക്കാന്‍ എനിക്ക്
മേഘങ്ങള്‍ മുറിച്ചുകടക്കണം
പഴങ്ങള്‍ക്കോ, മഴവില്ലിന്റെ
പാലം കടക്കണം
മരിച്ചവര്‍ വന്നു വിളക്കുകള്‍ കെടുത്തുമ്പോള്‍
ഇരുട്ടകറ്റാന്‍ ഞാന്‍ ചന്ദ്രനെ കൊളുത്തിവെയ്ക്കുന്നു
കണ്ണീര്‍ത്തുള്ളികള്‍ മഞ്ഞായി വീഴുമ്പോള്‍
തണുപ്പകറ്റാന്‍ സൂര്യനെ പാടിയുണര്‍ത്തുന്നു
ഈ വീടിന്റെ ഒരു ജനല്‍ തുറക്കുമ്പോള്‍ വേനല്‍
ഒരു ജനല്‍ തുറക്കുമ്പോള്‍ വര്‍ഷം
ഒന്നില്‍ വസന്തം, ഒന്നില്‍ ഹേമന്തം
വാതിലിലൂടെ ഏകാന്തത മാത്രം
ചിലപ്പോള്‍ കടന്നുവരുന്നു.
നിശ്ശബ്ദം, നിരാലംബം, എങ്കിലും നിര്‍ഭയം,
മരിച്ച ഭാഷകളുടെ അക്ഷരങ്ങള്‍കൊണ്ട്
നെയ്ത വിരിപ്പില്‍, മരിച്ച പക്ഷികളുടെയും
ചീവീടുകളുടെയും ശബ്ദം ചവിട്ടി
ഞാന്‍ ഉറങ്ങാന്‍ പോകുന്നു
പ്രണയകഥകളില്‍ ഞാന്‍ നായകനല്ല,
വിലാപകാവ്യങ്ങള്‍ എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുമില്ല.
അപ്പോള്‍, ഞാന്‍ ജീവിച്ചിരിക്കുന്ന മനുഷ്യനാണോ
മരിച്ച ഒരുവന്റെ ആത്മാവാണോ എന്ന്
ആര് പറഞ്ഞുതരും? അഥവാ
ഈ ഭൂമി തന്നെ കാഫ്ക കണ്ട
ഒരു ദു:സ്വപ്നമായിക്കൂടെന്നുണ്ടോ?
ഇത് എന്റെ വീടാണോ
അതോ കേവലം ഒരു വിശ്വാസമോ?
ഞാന്‍ എടുക്കുന്നത് ആരുടെ ശ്വാസം,
എന്നില്‍ തുടിക്കുന്നത് ആരുടെ ഹൃദയം?
എന്റെ എത്രാമത്തെ ജന്മത്തിലാണ് ഞാന്‍?
പരിണാമത്തിന്റെ ഏതു പടവില്‍?
നാളെ ഞാന്‍ ഒരു യന്ത്രമായി മാറുമോ?
നാളെ
ഉണ്ടാകുമോ?
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


