'ഈ കുറിച്ചത് അത്ര നല്ലതല്ല', സൈനക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം; നടൻ സിദ്ധാർഥിന് രൂക്ഷ വിമർശനം, പ്രതികരിച്ച് സൈനയും ഭർത്താവും  

റീട്വീറ്റിൽ സിദ്ധാർഥ് ഉപയോ​ഗിച്ച മോശം വാക്കാണ് താരത്തെ കുരുക്കിയത്

ചിത്രം : ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST

ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെ പരിഹസിച്ച നടൻ സിദ്ധാർഥിന്റെ ട്വീറ്റ് വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽവച്ച് കർഷകർ തടഞ്ഞതിനെ വിമർശിച്ചുകൊണ്ട് സൈന കുറിച്ച ട്വീറ്റിനെതിരെ സിദ്ധാർഥ് നടത്തിയ പരാമർശമാണ് വിവാദ​മായിരിക്കുന്നത്. റീട്വീറ്റിൽ സിദ്ധാർഥ് ഉപയോ​ഗിച്ച മോശം വാക്കാണ് താരത്തെ കുരുക്കിയത്. ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചു. 

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരുകൂട്ടം അരാജകവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’ എന്നായിരുന്നു സൈനയുടെ ട്വീറ്റ്. സൈനയ്‌ക്കെതിരേ സിദ്ധാർഥ് ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനമുയരുന്നത്. ഇതോടെ, മോശം അർഥത്തിലല്ല ട്വീറ്റിലെ പരാമർശങ്ങളെന്ന വിശദീകരണവുമായി നടൻ രം​ഗത്തെത്തി. 

Story image
Story image

‘അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളിൽ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമർശങ്ങളുടെ കാര്യത്തിൽ ട്വിറ്ററും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കരുതുന്നു’ സിദ്ധാർഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. സൈനയുടെ ഭർത്താവ് പി കശ്യപും നടന്റെ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. ‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി നല്ല ഭാഷ തിരഞ്ഞെടുക്കൂ. പ്രതികരിക്കാൻ തിരഞ്ഞെടുത്ത ഭാഷയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് താങ്കൾ കരുതിയതെന്നാണ് തോന്നുന്നത്’, കശ്യപ് കുറിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now