മോഹന്‍ലാലും പ്രിയനും ജാതി ചോദിച്ച് എന്‍എസ്എസ് കരയോഗം ഉണ്ടാക്കാം എന്ന് കരുതിയല്ല സിനിമ ചെയ്തത്; സുരേഷ് കുമാര്‍

സിനിമയില്‍ ജാതിയൊന്നു ഇല്ല. മോഹന്‍ലാലിനെ കൊണ്ടു വന്നത് ഫാസിലാണ്, മമ്മൂട്ടിയെ കൊണ്ടുവന്നത് എംടി വാസുദേവന്‍ നായരാണ് എന്ന് മണിയന്‍പിള്ള രാജു

Mohanlal and Priyadarshan, G Suresh Kumar
Mohanlal and Priyadarshan, G Suresh Kumar
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :16 ജൂലൈ 2026, 5:56 pm IST

മലയാള സിനിമയിലെ നിരവധി ഹിറ്റ് സിനിമകള്‍ ടീമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ മണിയന്‍പിള്ള രാജു, ഗായകന്‍ എംജി ശ്രീകുമാര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന സൗഹൃദ സംഘത്തിന്റെ വിജയം കൂടിയായിരുന്നു ആ സിനിമകളില്‍ പലതും. അതേസമയം തങ്ങളുടെ സൗഹൃദത്തെ പലരും ട്രിവാന്‍ഡ്രം ബെല്‍റ്റ് എന്നും നായന്മാരുടെ ബെല്‍റ്റ് എന്നും വിളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍.

പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവിനുമൊപ്പം മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. തങ്ങളുടെ സൗഹൃദ സംഘത്തെ ട്രിവാന്‍ഡ്രം ബെല്‍റ്റ്, നായന്മാരുടെ ബെല്‍റ്റ് എന്നെല്ലാം വിളിക്കുന്നതിനെക്കുറിച്ച് അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചതോടെയാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്.

''ഇപ്പോള്‍ ബെല്‍റ്റ് മാറി ബക്കിള്‍ മാത്രമായി. ഓരോരുത്തരായി തൊഴിഞ്ഞുപോയി. ശരിക്കും അങ്ങനൊരു ഗ്രൂപ്പ് ഇവിടെ ഉണ്ടായിരുന്നു. പക്ഷെ സൗഹൃദത്തില്‍ ജാതി ചോദിച്ചിട്ടില്ല. പ്രിയനും ഞാനും മോഹന്‍ലാലുമൊന്നും അങ്ങോട്ടും ഇങ്ങോട്ടും ജാതി ചോദിച്ച് എന്‍എസ്എസ് കരയോഗം ഉണ്ടാക്കിക്കളയാം എന്ന് കരുതിയല്ലല്ലോ സിനിമ ചെയ്യുന്നത്. അങ്ങനൊരു പരിപാടിയേയില്ല. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ വിവേചനമില്ല. ഞങ്ങളുടെ പേരിന്റെ കൂടെ വാലൊന്നും വച്ചിട്ടില്ല'' എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

സിനിമയില്‍ ജാതിയൊന്നു ഇല്ല. മോഹന്‍ലാലിനെ കൊണ്ടു വന്നത് ഫാസിലാണ്, മമ്മൂട്ടിയെ കൊണ്ടുവന്നത് എംടി വാസുദേവന്‍ നായരാണ് എന്ന് മണിയന്‍പിള്ള രാജുവും പറയുന്നുണ്ട്. അതേസമയം, പറ്റിപ്പോയതാണ്. വന്ന് ചേര്‍ന്നവരൊക്കെ നായന്മാരാണെന്ന് പിന്നീടാണ് അറിയുന്നത്. അപ്പോഴേക്കും ഇവന്മാരുടേത് നായന്മാരുടെ ഗ്രൂപ്പാണെന്നൊരു ചീത്തപ്പേരുമായി എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

ഞങ്ങള്‍ ഇവിടെ വലിയൊരു ഗ്രൂപ്പുണ്ടായിരുന്നു. ഇപ്പോള്‍ കുറേപ്പേര്‍ ഇവിടുന്ന് പോയി. കുറേപ്പേര്‍ എറണാകുളത്ത് പോയി സെറ്റില്‍ ആയി. ഇപ്പോള്‍ പ്രിയനും വീടും വിറ്റ് പോവുകയാണ്. പൃഥ്വിരാജും തിരുവനന്തപുരത്തു നിന്നും പോയില്ലേ. പോകുന്നവര്‍ പോകട്ടെ. ആരൊക്കെ പോയാലും തിരുവനന്തപുരം തിരുവനന്തപുരമായി ഉണ്ടാകും എന്നും സുരേഷ് കുമാര്‍ പറയുന്നുണ്ട്.

News Now

Summary

G Suresh Kumar on Trivandrum Belt and Nair Gang with Mohanlal and Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates