'എല്ലാ പ്രണയങ്ങളും പാരീസിൽ മാത്രം വിരിയണമെന്നും, ഹണിമൂൺ സ്വിറ്റ്സർലൻഡിൽ അവസാനിക്കുകയും ചെയ്യണമെന്നുണ്ടോ ?'

ഭാഗ്യത്തിന്, പ്രണയത്തിന് വിദേശനാണ്യം ആവശ്യമില്ല.

Kamal Haasan
Kamal Haasan ഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :16 മേയ് 2026, 3:51 pm IST

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനിമകളുടെ വലിയ ബഡ്ജറ്റും ആഢംബരങ്ങളും വെട്ടി കുറയ്ക്കണമെന്ന് നടൻ കമൽ ഹാസൻ. എക്സിൽ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്. സിനിമാ വ്യവസായത്തോടുള്ള എന്റെ അഭ്യർഥന എന്ന ക്യാപ്ഷനോടെയാണ് കമൽ ഹാസൻ കുറിപ്പ് പങ്കുവച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും എന്തിനാണ് സിനിമാ ലോകം ആഢംബരം നിറഞ്ഞ ചിത്രീകരണവുമായി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

"എല്ലാ പ്രണയകഥകളും പാരീസിൽ മാത്രം വിരിയുകയും, എല്ലാ ഹണിമൂണുകളും സ്വിറ്റ്സർലൻഡിൽ അവസാനിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ?. ഭാഗ്യത്തിന്, പ്രണയത്തിന് വിദേശനാണ്യം ആവശ്യമില്ല". - കമൽ ഹാസൻ പറഞ്ഞു.

ഇന്ധനവിലയും മറ്റ് നിർമാണച്ചെലവുകളും ഉയരുന്ന സാഹചര്യത്തിൽ വിനോദത്തിനായി ജനങ്ങൾ പണം ചെലവഴിക്കുന്നത് കുറഞ്ഞേക്കാമെന്നും ഇത് മുൻകൂട്ടി കണ്ട് സിനിമാ നിർമാണ രീതികളിൽ പ്രായോഗികവും സുസ്ഥിരവുമായ മാറ്റങ്ങൾ വരുത്താൻ സിനിമാ പ്രവർത്തകർ തയ്യാറാകണമെന്നും കമൽ ഹാസൻ ചൂണ്ടിക്കാട്ടി.

സിനിമയിലെ ചെലവ് ചുരുക്കൽ ഒരിക്കലും താഴെത്തട്ടിലുള്ള തൊഴിലാളികളെ ബാധിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'സിനിമയുടെ സാമ്പത്തിക കാര്യങ്ങളിലെ ഏത് തിരുത്തലും തൊഴിലാളികളുടെ വേതനം, സുരക്ഷ, അന്തസ്സ്, ഭക്ഷണം, യാത്രാ സൗകര്യം, താമസ സൗകര്യം, അല്ലെങ്കിൽ മാനുഷിക തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ബാധിക്കരുത്.

കഠിനാധ്വാനം ചെയ്യുന്നവരുടെ മേൽ ഇതിന്റെ ഭാരം അടിച്ചേൽപ്പിക്കരുത്.'- നടൻ വ്യക്തമാക്കി. ഭാവനയും കൃത്യതയുമാണ് സിനിമയ്ക്ക് വേണ്ടതെന്നും അല്ലാതെ അനാവശ്യമായ പണമൊഴുക്കലുകളല്ലെന്നും കമൽ ഹാസൻ പറഞ്ഞു.

നിലവിൽ സിനിമ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെ കൂട്ടായി അഭിമുഖീകരിക്കുന്നതിനായി നിർമാതാക്കൾ, നടീനടന്മാർ, യൂണിയനുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരെല്ലാം ചേർന്ന് ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി വരുന്ന തലമുറയ്ക്കായി സിനിമയുടെ സാമ്പത്തിക ഭദ്രത സൂക്ഷിക്കേണ്ടത് ഇപ്പോഴുള്ളവരുടെ ഉത്തവരവാദിത്വമാണെന്നും കമൽ ഹാസൻ വ്യക്തമാക്കി. കമൽ ഹാസന്റെ പ്രസ്താവന നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

News Now

Summary

Cinema News: Actor Kamal Haasan questioned the culture of extravagance in Indian cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics