'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

കുടുംബത്തോടൊപ്പമിരുന്ന് ടിവി കാണുന്നത് പോലും ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.

KD, Kangana Ranaut
KD, Kangana Ranautഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :18 മാർച്ച് 2026, 11:21 am IST

ധ്രുവ് സർജ ചിത്രം 'കെഡി ദ് ഡെവിളി'ലെ ​ഐറ്റം സോങ് വൻ വിവാദമായി മാറിയിരിക്കുകയാണ്. ​സഞ്ജയ് ദത്ത്, നോറ ഫത്തേഹി എന്നിവർ പ്രത്യക്ഷപ്പെട്ട ​ഗാനത്തിന്റെ ഹിന്ദി പതിപ്പിലെ വരികൾ അശ്ലീലത നിറഞ്ഞതായിരുന്നുവെന്നായിരുന്നു ഉയർന്ന വിമർശനം.

പ്രതിഷേധങ്ങളെ തുടർന്ന് 'സർകെ ചുനാർ തേരി സർകെ' എന്ന ​ഗാനത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തെങ്കിലും കന്നഡ, തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകൾ നിലവിൽ ലഭ്യമാണ്. ഇപ്പോഴിതാ ​ഗാനത്തെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്.

അശ്ലീലവും ശ്രദ്ധ നേടുന്നതിനുള്ള പിആർ തന്ത്രങ്ങളും കാരണം ബോളിവുഡ് ഇപ്പോൾ അധപതിച്ചു എന്നാണ് കങ്കണ പറയുന്നത്. സിനിമകളിലും സംഗീതത്തിലും അശ്ലീല ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കുന്നതിൽ കര്‍ശനമായ നിയന്ത്രണം വേണമെന്നും അവര്‍ പറഞ്ഞു. കുടുംബാം​ഗങ്ങൾ ഒന്നിച്ചിരുന്ന് ടിവി കാണാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു.

"ശ്രദ്ധ പിടിച്ചുപറ്റാനായി ബോളിവുഡ് അശ്ലീലവും വിലകുറഞ്ഞ പിആർ തന്ത്രവും ഉപയോഗിച്ച് എല്ലാ പരിധികളും ലംഘിച്ചു. രാജ്യം മുഴുവൻ അവരെ അപലപിക്കുന്നു. അവർ അവരെ ശാസിക്കുന്നു. പക്ഷേ അവർക്ക് ഒരു നാണക്കേടും തോന്നുന്നില്ല. ഇത് പുതിയ കാര്യമല്ല, കാരണം കുട്ടിക്കാലം മുതൽ തന്നെ നമ്മൾ ഇത്തരം പാട്ടുകൾ കേട്ടിട്ടുണ്ട്.

എന്നിരുന്നാലും, ചിലപ്പോഴൊക്കെ അത്തരം ഉള്ളടക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇനി കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള അശ്ലീല പ്രദർശനങ്ങൾ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളെ ബാധിക്കുന്നു.

കുടുംബത്തോടൊപ്പമിരുന്ന് ടിവി കാണുന്നത് പോലും ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ബോളിവുഡിന് കടിഞ്ഞാണിടണമെന്ന് ഞാൻ കരുതുന്നു."- കങ്കണ പറഞ്ഞു. അതേസമയം പാട്ടിന്റെ വരികൾ താൻ എഴുതിയതല്ലെന്നും കന്നഡ വരികളുടെ വിവർത്തനം മാത്രമാണ് ചെയ്തതെന്നും ​ഗാനരചയിതാവ് റക്വീബ് ആലം ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

പാട്ടിന്റെ വരികൾ താൻ എഴുതിയതല്ലെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രേം കന്നഡയിൽ എഴുതിയ വരികൾ അതേപടി ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഒരു വാക്കു പോലും ആ വരികളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

ഇത്തരത്തിലുള്ള വരികൾ സെൻസറിങ് പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾക്കിടയിൽ സ്വീകരിക്കപ്പെടില്ലെന്നും കാണിച്ച് താൻ ആദ്യം ഗാനം ചെയ്യാൻ വിസമ്മതിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കന്നഡ വരികൾ അതേപടി വിവർത്തനം ചെയ്തു നൽകാൻ അണിയറപ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു.

'പുഷ്പ'യിലേത് ഉൾപ്പെടെ താൻ മുൻപ് എഴുതിയ നല്ല ഗാനങ്ങൾ ആരും ശ്രദ്ധിച്ചില്ലെന്നും വിവാദഗാനത്തിന്റെ പേരിൽ തനിക്ക് ഇപ്പോൾ അപമാനം നേരിടേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Now

Summary

Cinema News: Kangana Ranaut criticize KD movie song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics