'ഫ്രീക്ക് പെണ്ണേ എന്റെ പാട്ട്, സംഗീതത്തിന്റെ ക്രെഡിറ്റ് ഷാന്‍ റഹ്മാന്‍ തട്ടിയെടുത്തു, ചോദിച്ചപ്പോള്‍ കയര്‍ത്തു': ആരോപണവുമായി സംഗീത സംവിധായകന്‍

സിനിമ ഇറങ്ങുന്നതിന് നാല് വര്‍ഷം മുന്‍പാണ് താന്‍ ഈ ഗാനം ഒരുക്കുന്നത് എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്

സത്യജിത്ത്, ഷാന്‍ റഹ്മാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ ഗുരുതര ആരോപണവുമായി ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്തു എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിലൂടെയാണ് സത്യജിത്ത് ആരോപണം ഉന്നയിച്ചത്. 

ഗാനം ആലപിച്ചതിന്റേയും ഗാനത്തിന്റെ വരികളുടേയും ക്രെഡിറ്റ് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും സംഗീതം ഷാന്‍ റഹ്മാന്റെ പേരിലാണ് എന്നുമാണ് സത്യജിത്ത് പറയുന്നത്.  2015ല്‍ കോട്ടയം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ വെച്ച് ഈ ഗാനം ആലപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയും സത്യജിത്ത് പുറത്തുവിട്ടിട്ടുണ്ട്.

സിനിമ ഇറങ്ങുന്നതിന് നാല് വര്‍ഷം മുന്‍പാണ് താന്‍ ഈ ഗാനം ഒരുക്കുന്നത് എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഇത് ചോദിക്കാന്‍ ചെന്ന തന്നോട് ഷാന്‍ റഹ്മാന്‍ മോശമായി പെരുമാറിയെന്നും പറഞ്ഞു. ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാന്‍ റഹ്മാന്‍ ചേട്ടന്‍ ബ്ലോക്ക് ചെയ്തിട്ട് പോയതാണ് , പിന്നീട് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും ഒരുപാട് പേര്‍ തഴയുകയും അവഗണനകള്‍ നേരിടുകയും ചെയ്തിരുന്നു ,അന്ന് എന്റെ പക്കല്‍ തെളിവുകളുടെ അഭാവമായിരുന്നു കാരണം , സത്യം എല്ലാക്കാലവും മറച്ചു വെക്കാന്‍ സാധിക്കുന്നതല്ല.- സത്യജിത്ത് കുറിച്ചു. 

സിനിമയില്‍ ഗാനത്തിന്റേയും രചനയുടേയും ക്രെഡിറ്റ് മാത്രമാണ് എനിക്ക് ലഭിച്ചത്. ഗാനത്തിന്റെ ഈണം നല്‍കിയത് ഞാനാണ്. അതിന്റെ ക്രെഡിറ്റ് ലഭിച്ചിട്ടില്ല എന്നു മാത്രമല്ല അതിന്റെ പേരില്‍ പിന്നീട് മ്യൂസിക് ഡയറക്ടര്‍ എന്നോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. മ്യൂസ്‌ക് റൈറ്റ് തന്നെയാണ് ഇവിടെ വിഷയം.- സത്യജിത്തിന്റെ കുറിപ്പില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now