രണ്ടു വർഷത്തിന് ശേഷം തിയറ്ററിൽ ആഘോഷം നിറയ്ക്കാൻ സൂര്യ; 'എതര്‍ക്കും തുനിന്തവന്‍' റിലീസ് പ്രഖ്യാപിച്ചു

2019 ൽ റിലീസ് ചെയ്ത കാപ്പാന് ശേഷം സൂര്യയുടേതായി പുറത്തുവരുന്ന ചിത്രമാണിത്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:57 am IST

സൂര്യ ആരാധകർക്ക് സന്തോഷവാർത്ത, രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം തിയറ്റർ റിലീസിന്. ആക്ഷൻ ത്രില്ലറായ 'എതര്‍ക്കും തുനിന്തവന്‍' ആണ് തിയറ്റർ റിലീസ് പ്രഖ്യാപിച്ചത്. ചിത്രം മാർച്ച് 10ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.

2019 ൽ റിലീസ് ചെയ്ത കാപ്പാന് ശേഷം സൂര്യയുടേതായി പുറത്തുവരുന്ന ചിത്രമാണിത്. നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതർക്കും തുനിന്തവൻ. പ്രിയങ്ക അരുൾ മോഹൻ നായികയാവുന്ന ചിത്രത്തിൽ സൂരി, വിനയ്, ശരണ്യ പൊൻവർണൻ, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. രത്നവേലുവാണ് ഛായാ​ഗ്രഹണം. നടൻ ശിവ കാർത്തികേയൻ, വിഘ്നേശ് ശിവൻ, യു​ഗഭാരതി എന്നിവരാണ് ചിത്രത്തിന്റെ ​ഗാനരചയിതാക്കൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമാണം.

തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസായത്. രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now