അന്നമൂട്ടുന്നവർ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും തെരുവിൽ പോരാടുകയാണ്; പിന്തുണയുമായി കാർത്തി

ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം പിന്തുണ അറിയിച്ചത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് നടൻ കാർ‍ത്തി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.  നമ്മളെ പോറ്റുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തെരുവിലാണെന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ സംഘടനയായ ഉഴവൻ ഫൗണ്ടേഷന്റെ പേരിലാണ് താരം പത്രക്കുറിപ്പ് പുറത്തിറക്കിയത്.

'പാടത്ത് പണിയെടുത്ത് ദിവസേന നമുക്ക് അന്നം നല്‍കുന്ന കര്‍ഷകര്‍ ഒരു ആഴ്ചയില്‍ അധികമായി സമരത്തിലാണ്. കടുത്ത തണുപ്പിനേയും കൊറോണ വൈറസിനേയും വകവെക്കാതെ കര്‍ഷകന്‍ എന്ന ഒറ്റ വികാരത്തോടെയാണ് അവരുടെ പോരാട്ടം. കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു'- താരം കുറിച്ചു.

കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്കാവശ്യമായ പിന്തുണയും സഹായവും നൽകുന്നതിൽ മുൻപന്തിയിലാണ് കാർത്തി. തന്റെ ഉഴവൻ ഫൗണ്ടേഷൻ തന്നെ കർഷകർക്കായാണ് താരം രൂപീകരിച്ചത്. അതേസമയം, കാര്‍ഷികപ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച ചര്‍ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കര്‍ഷകര്‍ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകള്‍ പരിഹരിച്ച് ഭേദഗതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര നിലപാട്. എന്നാൽ നിയമങ്ങൾ പിൻവലിക്കണം എന്നാണ് കർഷകരുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now