'അങ്ങനെയുള്ള സ്ത്രീയോട് അത് പറയാൻ പാടില്ല; വിയോജിപ്പല്ലല്ലോ, സ്വാഭാവികമായിട്ടുള്ള കാര്യമല്ലേ അത്', 'മിഥുനം' സിനിമയെക്കുറിച്ച് ഉർവശി

ഒരു സ്ത്രീ എന്ന് പറയുമ്പോൾ, സർവ്വതും ഉപേക്ഷിച്ചിട്ടല്ലേ ഒരാളുടെ വീട്ടിൽ പോയി താമസിക്കുന്നത്.

Mithunam, Urvashi
Mithunam, Urvashiവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :10 സെപ്റ്റംബർ 2026, 1:12 pm IST

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മിഥുനം'. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാലെത്തിയപ്പോൾ സുലോചന എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്.

കാലം മാറിയപ്പോൾ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രത്തെ വിമർശിച്ചു കൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. സേതുമാധവന്റെ കഥാപാത്രം സുലോചനയോട് ചെയ്യുന്നതെല്ലാം സ്ത്രീ വിരുദ്ധമാണെന്ന തരത്തിലാണ് വിമർശനങ്ങളുയർന്നത്. അതോടൊപ്പം ചിത്രത്തിലെ ക്ലൈമാക്സിനോട് നടി ഉർവശിയും അന്ന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ 'മിഥുന'ത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് പറയുകയാണ് ഉർവശി. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "അതിനോട് വിയോജിപ്പൊന്നുമല്ല, ഇപ്പോഴത്തെ കാലത്ത് ഇതൊക്കെ വലിയ സംഭവങ്ങളാവുകയാണ്. അങ്ങനെ ഒന്നുമില്ല.

അതിന്റെ ക്ലൈമാക്സിൽ സ്വാഭാവികമായിട്ടും മോഹൻലാൽ പറയുന്ന ഡയലോ​ഗ് ഉണ്ട്. ഞാൻ നിന്റെ ഭർത്താവ് മാത്രമല്ല, ഞാനൊരു സഹോദരനാണ്, ഞാനൊരു മകനാണ്, ഞാനൊരു സുഹൃത്താണ് അങ്ങനെയൊക്കെയുള്ള റോളുകൾ കൈകാര്യം ചെയ്യേണ്ട ഒരു പുരുഷനാണ്. നിന്റെ കാമുകനായിട്ട് മാത്രം എനിക്ക് ജീവിക്കാൻ പറ്റില്ല, നി‍ന്റെ ഭർത്താവായിട്ട് മാത്രം എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന്.

സ്ത്രീയും അത് തന്നെയല്ലേ. ഒരു സ്ത്രീ എന്ന് പറയുമ്പോൾ, സർവ്വതും ഉപേക്ഷിച്ചിട്ടല്ലേ ഒരാളുടെ വീട്ടിൽ പോയി താമസിക്കുന്നത്. അങ്ങനെ അവൾ മറ്റൊരു കുടുംബത്തിൽ പോയി, വളരെ പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്ത് വിവിധ കഥാപാത്രങ്ങളെ ഉൾക്കൊണ്ടു കൊണ്ട് അവൾ ആ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് പറയുമ്പോൾ, അങ്ങനെയൊരു സ്ത്രീയോട് അത് പറയാൻ പാടില്ല.

എന്നുള്ള വിയോജിപ്പ്, അന്നും ഇന്നും എക്കാലത്തും എനിക്കെന്നല്ല ഏതൊരു സ്ത്രീക്കുമുണ്ടാകും. അത് വിയോജിപ്പല്ലല്ലോ, സ്വാഭാവികമായിട്ടുള്ള കാര്യമല്ലേ അത്. ശ്രീനിയേട്ടന്റെ സ്ക്രിപ്റ്റ് ആണ്. അപ്പോൾ നമുക്ക് അത്രയും സ്വാതന്ത്ര്യവുമുണ്ട്. പ്രിയൻ ചേട്ടനാണ് സംവിധായകൻ.

അപ്പോൾ എന്നോട് ഇത് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞു, പിന്നെ അങ്ങനെയാണെങ്കിൽ ഞങ്ങളും പറയണ്ടേ അങ്ങനെയൊക്കെ. ഇങ്ങനെ പറഞ്ഞാൽ എന്താ കുഴപ്പം ? എന്ന് ചോദിച്ചത് ഇന്ന് വലിയൊരു സംഭവമായി". - ഉർവശി പറഞ്ഞു.

News Now

Summary

Urvashi talks about Mithunam movie climax.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics