ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ സാമൂഹിക ധാര്‍മ്മികതയുടെ വീക്ഷണക്കോണിലല്ല നോക്കിക്കാണേണ്ടതെന്നും കോടതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

അലഹബാദ്: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്ന് അലഹബാദ് ഹൈക്കോടതി. അത്തരം ബന്ധങ്ങളെ ഒരു വ്യത്കിയുടെ അവകാശമായി കണക്കാക്കണമെന്നും സാമൂഹിക ധാര്‍മ്മികതയുടെ വീക്ഷണക്കോണിലല്ല നോക്കിക്കാണേണ്ടതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ പ്രീതിങ്കര്‍ ദിവാക്കര്‍, അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. 

"ലിവ് ഇന്‍ ബന്ധങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. സുപ്രീം കോടതി അംഗീകരിച്ചതാണിത്. അതുകൊണ്ട് ഇത്തരം ബന്ധങ്ങളെ വ്യക്തിതാത്പര്യമായി കണക്കാക്കണം", കോടതി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദം അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടാന്‍ ബാധ്യസ്ഥമാണെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നിരീക്ഷണം. 

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ തുടരുന്ന രണ്ട് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ വിധിപറയുകയായിരുന്നു കോടതി. രണ്ട് പരാതിയിലും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടായിട്ടും പൊലീസിനെ സമീപിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം പൊലീസ് പരാതിക്കാരുടെ അവകാശം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates