യുപിയില്‍ ഒരു മന്ത്രികൂടി രാജിവച്ചു; കൊഴിഞ്ഞുപോക്കില്‍ ആടിയുലഞ്ഞ് ബിജെപി

ഈ മന്ത്രിമാരാടക്കം എട്ട് എംഎല്‍എമാരാണ് ഇതിനോടകം ബിജെപി ക്യാമ്പ് വിട്ടിരിക്കുന്നത്

അഖിലേഷ് യാദവിനൊപ്പം ധരംസിങ് സെയ്‌നി/ട്വിറ്റര്‍
Last Updated :20 January 2024, 8:57 am IST


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്ന് വീണ്ടും ഒരു മന്ത്രികൂടി രാജിവച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിങ് സെയ്‌നിയാണ് രാജിവച്ചത്. ഇതോടെ രാജിവച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. ഈ മന്ത്രിമാരടക്കം എട്ട് എംഎല്‍എമാരാണ് ഇതിനോടകം ബിജെപി ക്യാമ്പ് വിട്ടത്. 

ഔദ്യോഗിക വസതിയും സുരക്ഷാ സംവിധാനങ്ങളും തിരികെ ഏല്‍പ്പിച്ച ശേഷമാണ് സെയ്‌നി രാജി പ്രഖ്യാപിച്ചത്. എസ്പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. എസ്പി നേതാവ് അഖിലേഷ് യാദവുമായി സെയ്‌നി കൂടിക്കാഴ്ച നടത്തി. 

സെയ്‌നിയെ എസ്പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. തനിക്കൊപ്പം നില്‍ക്കുന്ന സെയ്‌നിയുടെ ചിത്രവും അഖിലേഷ് പങ്കുവെച്ചിട്ടുണ്ട്. 

പിന്നാക്ക വിഭാഗം നേതാവും എംഎല്‍എയുമായ മുകേഷ് വര്‍മ ഇന്ന് രാവിലെ പാര്‍ട്ടി വിട്ടിരുന്നു. രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു രാജി. 

സ്വാമി പ്രസാദ് മൗര്യയാണ് തന്റെ നേതാവെന്ന് മുകേഷ് വര്‍മ പറഞ്ഞു. മൗര്യ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും മുകേഷ് വര്‍മ പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതോടെയാണ് ബിജെപിയില്‍ കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു.2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.

മൗര്യയ്ക്കു പിന്നാലെ ആറ് എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്. വനം പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദാരാ സിങ് ചൗഹാന്‍ ഇന്നലെ രാജി നല്‍കി. ദലിതുകളുടെയും പിന്നാക്ക സമുദായത്തിന്റെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ബിജെപി അവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്ന് ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. ബ്രജേഷ് പ്രചാപതി, റോഷന്‍ ലാല്‍ വെര്‍മ, ഭഗവതി സാഗര്‍, മുകേഷ് വെര്‍മ, വിനയ് ശക്യ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റ് എംഎല്‍എമാര്‍. 

Related Article

ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ പട്ടികയില്‍; 40% വനിതകള്‍, 40% യുവാക്കള്‍; കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്ത്

യുപി ബിജെപിയില്‍ വീണ്ടും രാജി; പാര്‍ട്ടി വിട്ട എംല്‍എമാരുടെ എണ്ണം ഏഴായി

'ദിവസവും ഓരോ വിക്കറ്റ് വീഴും';18 മന്ത്രിമാര്‍ രാജിവയ്ക്കും: യുപിയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now