ഇന്ത്യന്‍ സേന പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത തെറ്റെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഒപറേഷന്‍സ് (ഡിജിഎംഒ) ലഫ്റ്റനന്റ് പരംജീത് സിങ്

ലഡാക്ക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികന്‍/ചിത്രം: പിടിഐ
Last Updated :20 January 2024, 8:33 am IST

News Now


ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത തെറ്റെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഒപറേഷന്‍സ് (ഡിജിഎംഒ) ലഫ്റ്റനന്റ് പരംജീത് സിങ്. 'നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ വ്യാജമാണ്.' ഡിജിഎംഒ പ്രസ്താവനയില്‍ പറഞ്ഞു. 

പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നിരന്തര ആക്രമണങ്ങള്‍ക്ക് മറുപടിയായി പാക് അധീന കശ്മീരിലെ ഭീകകേന്ദ്രങ്ങള്‍ സൈന്യം നശിപ്പിച്ചു എന്നായിരുന്നു വാര്‍ത്ത. 

അതേസമയം, അതിര്‍ത്തി കടന്നുവരുന്ന ഭീകരരും പാകിസ്ഥാന്‍ പട്ടാളവും ജീവനോടെ തിരിച്ചുപോകില്ലെന്ന് കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ പറഞ്ഞു. 

വ്യാഴാഴ്ച വെളുപ്പിന് കശ്മീരിലെ നാഗ്രോട്ടയില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരരെ നേരിട്ട സൈനികരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതൊരു വിജയിച്ച ദൗത്യമായിരുന്നു. സേനയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തിയാണ് വ്യക്തമായത് എന്ന് അദ്ദേഹം പറഞ്ഞു.

സംശയകരമായ സാഹചര്യത്തില്‍ ഒരു ട്രക്ക് കണ്ടു എന്ന വിവരത്തിന് പിന്നാലെയാണ് സിആര്‍പിഎഫും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. നാഗ്രോട്ട ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates