അച്ഛനെയും സഹോദരനെയും അകറ്റി, അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് അടുത്തുകൂടി; യുവതികളെ നിരന്തരം പീഡിപ്പിച്ച മന്ത്രവാദിയും മകനും അറസ്റ്റില്‍ 

കുടുംബപ്രശ്‌നം പരിഹരിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടു സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിയും മകനും അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:51 am IST

ഹൈദരാബാദ്: കുടുംബപ്രശ്‌നം പരിഹരിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടു സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിയും മകനും അറസ്റ്റില്‍. യുവതികളുടെ കുടുംബവുമായി പത്തുവര്‍ഷമായി അടുപ്പമുള്ള മന്ത്രവാദിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദ് ചന്ദ്രയാന്‍ഗട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിത്തരാമെന്നും കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും പറഞ്ഞാണ് മന്ത്രവാദിയും മകനും സഹോദരിമാരെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പീഡനം തുടര്‍ന്നതായും പൊലീസ് പറയുന്നു.
 
പത്തുവര്‍ഷം മുന്‍പാണ് കുടുംബവുമായി മന്ത്രവാദി അടുപ്പം സ്ഥാപിച്ചത്. യുവതികളുടെ അമ്മയുടെ രോഗാവസ്ഥ മാറ്റുന്നതിന് അമ്മാവനാണ് മന്ത്രവാദിയെ വീട്ടില്‍ വിളിച്ചു കൊണ്ടുവന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അമ്മയുടെ അസുഖം മാറി. ഇതോടെ മന്ത്രവാദിയില്‍ വീട്ടുകാര്‍ക്കുള്ള വിശ്വാസം വര്‍ധിച്ചതായി പൊലീസ് പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരിമാരില്‍ മൂത്തവള്‍ വിവാഹമോചിതയായി. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയതോടെ വീടിനാണ് ദോഷമെന്നും വീട് വിറ്റാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്നും മന്ത്രവാദി നിര്‍ദേശിച്ചു. അതിനിടെ യുവതികളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മന്ത്രവാദി ശ്രമിച്ചു. ഇതിന്റെ ഫലമായി സഹോദരിമാരുടെ അച്ഛനും സഹോദരനും വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ തുടങ്ങി. 

വീട്ടില്‍ അമ്മയും രണ്ടു പെണ്‍മക്കളും മാത്രമായി. വിവിധ കാരണങ്ങള്‍ പറഞ്ഞ് വശീകരിച്ച് യുവതികളെ പലവട്ടം മന്ത്രവാദി പീഡിപ്പിച്ചു എന്നതാണ് കേസ്. മന്ത്രവാദിയുടെ മകന്‍ ഇളയ സഹോദരിയെ പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now