
'കുട്ടി കഷ്ടപ്പെടരുത്': സ്കൂള്‍ പ്രവേശനത്തിനായി വ്യാജ ജനനത്തീയതി നല്കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി
ഹര്‍ജിക്കാരന്റെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം പ്രവേശന സമയത്ത് നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ഹര്ജിക്കാരനില് ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ന്യൂഡല്‍ഹി: സ്കൂളില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനനത്തീയതി നല്കിയ മാതാപിതാക്കളുടെ പ്രവര്‍ത്തി കാരണം കുട്ടി കഷ്ടപ്പെടാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കി വ്യാജ വിവരങ്ങള്‍ നല്കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി സ്കൂള്‍ രേഖകളിലും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിലും തിരുത്തി നല്കാന് സെന്റ് കൊളംബാസ് സ്കൂളിനോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനോടും ജസ്റ്റിസ് വികാസ് മഹാജന് ആവശ്യപ്പെട്ടു.
കുട്ടിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങളും രേഖയും നല്‍കിയെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഹര്‍ജിക്കാരന്റെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം പ്രവേശന സമയത്ത് നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ഹര്ജിക്കാരനില് ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 2014 ഏപ്രിലില്‍, കുട്ടിയുടെ ജനനത്തീയതി 2010 മാര്‍ച്ച് 23 ആണെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് കിന്റര്‍ഗാര്‍ട്ടനില്‍ പ്രവേശനം ലഭിച്ചത്. 2009 ഏപ്രില്‍ 1-നും 2010 മാര്‍ച്ച് 31-നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് മാത്രമായിരുന്നു അന്ന് പ്രവേശനം. എന്നാല്‍ കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതി 2010 ഏപ്രില്‍ 23 ആയതിനാല്‍, പ്രവേശനം ലഭിക്കില്ലായിരുന്നു.
പിന്നീട്, 2011-ലെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആശുപത്രി രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനനത്തീയതി തിരുത്താന്‍ കുട്ടി അപേക്ഷ നല്‍കുകയായിരുന്നു. ജനനത്തീയതി തിരുത്തുന്നത് കുട്ടിയുടെ പ്രവേശനത്തെ അസാധുവാക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാദിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, മാതാപിതാക്കള്‍ കുട്ടിയുടെ പ്രായം ഒരു മാസം കുറച്ചു കാണിച്ചു എന്ന കാരണത്താല്‍ മാത്രം കെജി പ്രവേശനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നാല് ആഴ്ചയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി തിരുത്താന്‍ സ്കൂളിനും സി.ബി.എസ്.ഇക്കും കോടതി നിര്‍ദ്ദേശം നല്കി. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പുതുക്കിയ ജനനത്തീയതി രജിസ്റ്റര്‍ ചെയ്യാനും സിബിഎസ്ഇയോട് ഉത്തരവിട്ടു. ഔദ്യോഗിക രേഖകളില്‍ വിദ്യാര്‍ത്ഥിയുടെ ജനനത്തീയതിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള കോളജുകളില്‍ അപേക്ഷിക്കുമ്പോള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കുട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അനീതി കാണിച്ച മാതാപിതാക്കളെ ശിക്ഷിക്കാതെ വിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Child cannot suffer: Delhi HC imposes ₹2 lakh costs on parents over false date of birth for school admission
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




