30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണാഭരണം കവര്‍ന്നു, സംശയിക്കാതിരിക്കാന്‍ 'അഭിനയം'; കോടീശ്വരന്റെ മകന്‍ പിടിയില്‍, തുമ്പായത് ദൃശ്യങ്ങള്‍

30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 22കാരന്‍ പിടിയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST
Edited by :migrator

ബംഗളൂരു: 30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 22കാരന്‍ പിടിയില്‍. ഉയര്‍ന്ന ചുറ്റുപാടില്‍ വളര്‍ന്ന 22കാരന്‍ കൂട്ടുകാരില്‍ നിന്ന് കടം വാങ്ങിയ 30000 രൂപ തിരികെ നല്‍കുന്നതിനാണ് അയല്‍വാസിയുടെ ബന്ധുവിനെ കൊലപ്പെടുത്തിയത്. 22കാരന്റെ അച്ഛന്റെ പേരില്‍ ഏഴു കോടി രൂപയുടെ ഭൂസ്വത്ത് ഉള്ളതായി പൊലീസ് പറയുന്നു.

ബംഗളൂരുവിലെ ദേവനഹളി നഗരത്തിലാണ് സംഭവം. നാഗരാജ മൂര്‍ത്തിയെയാണ് 22കാരന്‍ കൊന്നത്. മൂര്‍ത്തിയുടെ സഹോദരന്‍ 22കാരനായ രാകേഷിന്റെ അയല്‍വാസിയാണ്. സഹോദരനെ കാണാന്‍ മൂര്‍ത്തി ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു. നാഗരാജ മൂര്‍ത്തിയുടെ കഴുത്തിലും കൈയിലും കണ്ട സ്വര്‍ണാഭരണങ്ങളാണ് യുവാവിനെ കവര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ്് പറയുന്നു.

ജനുവരി 15നാണ് സംഭവം. 65കാരന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് പിന്നില്‍ നിന്ന് തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കുത്തിയതായും പൊലീസ് പറയുന്നു. ശരീരത്തിലേറ്റ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം കുറ്റിക്കാടില്‍ ഉപേക്ഷിച്ച ശേഷം സ്വര്‍ണാഭരണങ്ങളുമായി 22കാരന്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന്് 65കാരനെ വീട്ടുകാര്‍ തെരയാന്‍ തുടങ്ങി. സംശയം തോന്നാതിരിക്കാന്‍ 22കാരനും തെരച്ചിലില്‍ പങ്കെടുത്തു. തെരച്ചിലില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ, മൂര്‍ത്തിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് 22കാരന്റെ പങ്ക് പൊലീസ് തെളിയിച്ചത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 22കാരന്റെ കൊലപാതകത്തിലുള്ള പങ്ക് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now