എന്‍സിപിയില്‍ നിര്‍ണായക ചര്‍ച്ചകള്‍; അജിത് പവാറിന്റെ പിന്‍ഗാമിയായി സുനേത്ര ഉപമുഖ്യമന്ത്രിയാകും?, ലയനം നടക്കുമോ?

ബരാമതിയില്‍ ഉപതെരഞ്ഞെടുപ്പില്‍ സുനേത്ര സ്ഥാനാര്‍ത്ഥിയാകുമെന്നും, തുടര്‍ന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നത്

Ajit Pawar, Sunetra
Ajit Pawar, SunetraPTI File
Edited by :jayakumarna
Last Updated :30 ജനുവരി 2026, 11:21 am IST

മുംബൈ: അജിത് പവാറിന്റെ മരണത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എന്‍സിപിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. അജിത് പവാറിനു പകരം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്, എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടിയുമായുള്ള ലയനം തുടങ്ങിയവ ചര്‍ച്ചയാകും. രണ്ട് എന്‍സിപി പാര്‍ട്ടികളും ഒന്നാകണമെന്ന് അജിത് പവാര്‍ ആഗ്രഹിച്ചിരുന്നു. ഇതിനായുള്ള ചര്‍ച്ചകളും നടന്നിരുന്നുവെന്ന് പവാറിന്റെ അടുത്ത അനുയായി വ്യക്തമാക്കിയിരുന്നു.

ജനുവരി 17 ന് ശരദ് പവാറിന്റെ ഗോവിന്ദ് ബാഗിലെ വീട്ടിലെത്തി ഇരു എന്‍സിപികളും ഒന്നിക്കുന്നതിനെക്കുറിച്ച് അജിത് പവാര്‍ സംസാരിച്ചിരുന്നുവെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു. രണ്ടു പാര്‍ട്ടികളും ഒന്നിക്കുക എന്നതായിരുന്നു അജിത് ദാദയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കാനും അതിനുശേഷം പുനരേകീകരണത്തെക്കുറിച്ച് തീരുമാനമെടുക്കാനുമായിരുന്നു ധാരണയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, അജിത് പവാറിന് പകരം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭാര്യ സുനേത്ര പവാറിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ പാര്‍ട്ടിയില്‍ നീക്കമുണ്ട്. നിലവില്‍ രാജ്യസഭാംഗമാണ് സുനേത്ര. ബരാമതിയില്‍ ഉപതെരഞ്ഞെടുപ്പില്‍ സുനേത്ര സ്ഥാനാര്‍ത്ഥിയാകുമെന്നും, തുടര്‍ന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന എന്‍സിപി മന്ത്രി നര്‍ഹരി സിര്‍വാള്‍ ഇതിനോടകം സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിക്കഴിഞ്ഞു.

അജിത് പവാറുമായി വളരെ അടുപ്പമുള്ള നര്‍ഹരി സിര്‍വാള്‍, എന്‍സിപിയുടെ മുതിര്‍ന്ന നേതാവായ ശരദ് പവാറുമായും നല്ല ബന്ധത്തിലാണ്. ഇരു എന്‍സിപികളും തമ്മിലുള്ള ലയന ചര്‍ച്ചകളിലും സിര്‍വാള്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. മറാഠാ നേതാവിനെ മാത്രമേ പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭാകക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. സുനേത്ര രാജിവെക്കുന്ന രാജ്യസഭ സീറ്റിലേക്ക് അജിത് പവാറിന്റെ മൂത്തമകന്‍ പാര്‍ത്ഥ് പവാറിനെ മത്സരിപ്പിക്കണമെന്നുമാണ് നിര്‍ദേശം ഉയര്‍ന്നിട്ടുള്ളത്.

News Now

Summary

Critical discussions are taking place in the NCP in Maharashtra after the death of Ajit Pawar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates