ബിജെപി ബന്ധം വിടുന്നു?; ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം 

ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ ജെഡിയുവുമായി സഹകരിക്കാമെന്ന് പ്രതിപക്ഷമായ ആര്‍ജെഡി വ്യക്തമാക്കിയിട്ടുണ്ട്

നിതീഷ് കുമാര്‍/ ഫയല്‍
Last Updated :20 January 2024, 9:05 am IST

പട്‌ന: രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിഹാറില്‍ ജെഡിയുവിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത ജെഡിയു എംഎല്‍എമാരുടേയും നേതാക്കളുടേയും യോഗം ഇന്ന് ചേരും. മുഴുവന്‍ പാര്‍ട്ടി എംപിമാരോടും എം എല്‍ എമാരോടും അടിയന്തരമായി പട്‌നയിലെത്താനാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

എന്‍ഡിഎ സഖ്യം വിടുന്നത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു- ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനില്‍ക്കുന്നത്. 

മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ജെഡിയു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിലൂടെ സര്‍ക്കാരും രാജിവെച്ചേക്കും. 

അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ ജെഡിയുവുമായി സഹകരിക്കാമെന്ന് പ്രതിപക്ഷമായ ആര്‍ജെഡി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സഖ്യം വിട്ടാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. 

ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 സീറ്റുണ്ട്. ജെഡിയുവിന് 55 സീറ്റുകളാണുള്ളത്. ആര്‍ജെഡിയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now