ചെങ്കോട്ട കാർ ബോംബ് സ്ഫോടനം: ആദ്യ ലക്ഷ്യം ലാൽ മന്ദിർ; ബോംബ് നിർമ്മാണത്തിന് മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിച്ചു
ഗതാഗതക്കുരുക്കിൽ ലക്ഷ്യം മാറി ചെങ്കോട്ടയിലേക്ക്; ഷൂസിന്റെ മടമ്പിലെ റിമോട്ട് വഴി സ്ഫോടനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപം 11 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ചാവേറായ ഡോ. ഉമർ ഉൻ നബിയുടെ പ്രാഥമിക ലക്ഷ്യം ചരിത്രസ്മാരകമായ ചെങ്കോട്ടയായിരുന്നില്ലെന്നും, സമീപത്തെ പ്രശസ്തമായ ശ്രീ ദിഗംബർ ജെയിൻ ലാൽ മന്ദിർ ക്ഷേത്രമായിരുന്നുവെന്നും എൻഐഎ കുറ്റപത്രത്തിൽ വെളിപ്പെടുത്തുന്നു.
ക്ഷേത്രത്തിന് സമീപത്തെ ഗതാഗതക്കുരുക്കും പൊലീസിന്റെ ശക്തമായ സാന്നിധ്യവുമാണ് അവസാന നിമിഷം പദ്ധതി മാറ്റി ചെങ്കോട്ടയിലേക്ക് വാഹനം തിരിച്ചുവിടാൻ ഭീകരനെ നിർബന്ധിതനാക്കിയത്. 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചനയാണ് കുറ്റപത്രത്തിലൂടെ ചുരുളഴിഞ്ഞിരിക്കുന്നത്.
അന്വേഷണം വെട്ടിക്കാൻ 'മൂത്രത്തിൽ നിന്നുള്ള യൂറിയ'
സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനായി രാസവള വിപണിയിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ യൂറിയ വാങ്ങിയാൽ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിൽ പെടുമെന്ന് ഭീകരർ ഭയപ്പെട്ടിരുന്നു. ഇതിനെ മറികടക്കാൻ സ്വന്തം മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിച്ചെടുക്കുന്ന സങ്കീർണ്ണമായ രീതിയാണ് ഡോക്ടർ കൂടിയായ ഉമർ ഉൻ നബി പരീക്ഷിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ മാർഗ്ഗരേഖകൾ അടങ്ങിയ പിഡിഎഫ് ഫയലുകൾ ഇയാളുടെയും കൂട്ടാളിയായ ഷഹീൻ സയീദിന്റെയും പെൻഡ്രൈവുകളിൽ നിന്ന് എൻഐഎ കണ്ടെടുത്തു.
സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള 11 ദിവസത്തോളം ഹരിയാനയിലെ നൂഹിലുള്ള ഒരു വാടകമുറിയിൽ താമസിച്ചാണ് ഉമർ സ്ഫോടകവസ്തുക്കൾ തയ്യാറാക്കിയത്. ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് മൂത്രം നിറച്ച നിലയിൽ പോളിബാഗുകൾ അന്വേഷണ സംഘം കണ്ടെടുത്തു. മുറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതായി സമീപവാസികളായ നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. യൂറിയ നൈട്രൈറ്റ്, ടിഎടിപി , പൊട്ടാസ്യം, അമോണിയം നൈട്രേറ്റ് എന്നിവയുടെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
ലാൽ മന്ദിർ ഒഴിവാക്കി ചെങ്കോട്ടയിലേക്ക് തിരിഞ്ഞ നിമിഷങ്ങൾ
സ്ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ20 കാറുമായി വൈകുന്നേരം 6:37-ഓടെ സുനഹരി മസ്ജിദ് പാർക്കിംഗിൽ നിന്നാണ് ഉമർ യാത്ര തിരിച്ചത്. നേരെ ലാൽ മന്ദിറിന് സമീപം വാഹനം പാർക്ക് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ അവിടുത്തെ കനത്ത ഗതാഗതക്കുരുക്കും പൊലീസിന്റെ പെട്രോളിംഗും കണ്ടതോടെ വാഹനം യു-ടേൺ എടുത്ത് ചെങ്കോട്ട ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരം 6:50-ഓടെ ചെങ്കോട്ടയുടെ ഗേറ്റ് നമ്പർ നാലിന് സമീപം വെച്ച് വാഹനം ഉഗ്രശക്തിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ചെങ്കോട്ടയിൽ സ്ഫോടനം നടത്തുന്നതിന് മുൻപായി 2023 നും 2025 നും ഇടയിൽ 12 തവണ ഉമർ ഈ പ്രദേശം സന്ദർശിച്ച് കൃത്യമായ നിരീക്ഷണം നടത്തിയിരുന്നു. സ്ഫോടനത്തിന് ആറുമാസം മുൻപ് മെയ് ഒന്നിനാണ് ഇയാൾ അവസാനമായി ചെങ്കോട്ടയിൽ എത്തിയത്. ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ ഈ സന്ദർശന വേളകളിലെല്ലാം ഇയാളും സംഘവും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കുന്നു.
ഷൂസിൽ ഘടിപ്പിച്ച റിമോട്ട് സംവിധാനം
രാജ്യതലസ്ഥാനത്ത് അടുത്തകാലത്തുണ്ടായ ആദ്യത്തെ വിബിഐഇഡി അഥവാ വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തു ആക്രമണമാണിത്. 'പിന്ദ', 'രാഹുൽ ഭട്ട്' എന്നീ വ്യാജ പേരുകളിൽ പ്രവർത്തിച്ചിരുന്ന ഉമർ നബി അൽ ഖ്വയ്ദ ബന്ധമുള്ള ഒരു തീവ്രവാദ ശൃംഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു.
സ്ഫോടനം നടത്താനായി ഇയാൾ ധരിച്ചിരുന്ന ഷൂസിന്റെ മടമ്പിൽ പ്രത്യേക റിമോട്ട് കമാൻഡ് സംവിധാനം ഘടിപ്പിച്ചിരുന്നു. ഈ ട്രിഗർ സംവിധാനം ഉപയോഗിച്ചാണ് കൃത്യമായ സമയത്ത് കാർ ബോംബ് സ്ഫോടനം നടത്തിയത്. ചാവേറായ ഉമർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതിനാൽ ലാൽ മന്ദിർ തന്നെയായിരുന്നോ പ്രധാന ലക്ഷ്യമെന്ന് സ്ഥിരീകരിക്കാനായില്ലെങ്കിലും, വാഹനം ആദ്യം നീങ്ങിയ വഴികളും സാഹചര്യത്തെളിവുകളും ലാൽ മന്ദിറിനെതിരായ ആക്രമണ നീക്കത്തെ സാധൂകരിക്കുന്നതാണെന്ന് എൻഐഎ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
The National Investigation Agency (NIA) has submitted a detailed chargesheet uncovering alarming revelations regarding the devastating November car bomb blast near the historic Red Fort in New Delhi, which claimed 11 lives and left 29 injured
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





