ഡല്‍ഹി സര്‍വകലാശാല അധ്യാപികയുടെ കൊലപാതകം: 1,400 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയ ദമ്പതികള്‍ പിടിയില്‍; കാരണം സ്വത്തുതര്‍ക്കമെന്ന് പൊലീസ്

തലയില്‍ മാരകമായി പ്രഹരമേറ്റതിന്റെ ലക്ഷണങ്ങളും കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയുമാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. മോഷണത്തിന്റെ തെളിവുകളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല.

Delhi University teacher's murder: Couple who traveled 1,400 km arrested; Police say property dispute was the reason
ഡല്‍ഹി സര്‍വകലാശാല അധ്യാപികയുടെ കൊലപാതകംSamakalika Malayalam
Edited by :ചന്ദ്ര സ്വസ്തി
Last Updated :7 ജൂൺ 2026, 4:08 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിന്റെ കൊലപാതക കേസില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ദമ്പതികളെ അറസ്റ്റു ചെയ്ത് ഡല്‍ഹി പൊലീസ്. കൊലപാതകത്തിനു പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

കൊലപാതകം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദേബോസ്മിത പോളിനെ ഫ്‌ളാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സത്യം അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു ശിവാജി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്ന ദേബോസ്മിത പോള്‍. തലയില്‍ മാരകമായി പ്രഹരമേറ്റതിന്റെ ലക്ഷണങ്ങളും കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച നിലയുമാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. മോഷണത്തിന്റെ തെളിവുകളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല.

അന്വേഷണത്തിനൊടുവില്‍ പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ സ്വദേശികളായ രാംപ്രസാദ് ദാസ്, ബന്‍ശ്രീ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ഏകദേശം 1,400 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഡല്‍ഹിയിലെത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവദിവസം മുഖംമൂടി ധരിച്ച ഒരു പുരുഷനും സ്ത്രീയും ദേബോസ്മിതയുടെ ഫ്‌ളാറ്റില്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സ്വകാര്യ ടാക്‌സിയില്‍ എത്തിയ ഇവര്‍ പടികള്‍ വഴിയാണ് ആറാം നിലയിലെ ഫ്‌ലാറ്റിലെത്തിയത്. സംശയം തോന്നാതിരിക്കാനായി മകനെയും ഒപ്പം കൂട്ടിയിരുന്നു. പരിചയക്കാരെന്ന നിലയില്‍ വീട്ടിലേക്ക് പ്രവേശിച്ച ശേഷം കൊണ്ടുവന്ന ആയുധം ഉപയോഗിച്ച് അധ്യാപികയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഏകദേശം മുപ്പത് മിനിറ്റിന് ശേഷം ഇവര്‍ ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോയതായും സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

ദേബോസ്മിത പോള്‍ 2022 മുതല്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസം. ദേബോസ്മിതയുടെ കുടുംബവുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള ലക്ഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അധ്യാപികയുടെ ദാരുണമായ മരണത്തില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ദുഃഖം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളോട് സൗഹൃദപരമായ സമീപനവും അക്കാദമിക് മികവും കൊണ്ട് ശ്രദ്ധേയയായ അധ്യാപികയായിരുന്നു ദേബോസ്മിത പോള്‍ എന്ന് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

News Now

Summary

Delhi University teacher's murder: Couple who traveled 1,400 km arrested; Police say property dispute was the reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates