ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കരയോട് അടുക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈയില്‍ വീണ്ടും കനത്തമഴ

കനത്തമഴയെ തുടര്‍ന്ന് ചെന്നൈയില്‍ രൂപപ്പെട്ട വെള്ളക്കെട്ട്
Last Updated :20 January 2024, 8:51 am IST

News Now

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കരയോട് അടുക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈയില്‍ വീണ്ടും കനത്തമഴ. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്നതിനിടെ, വീണ്ടും കനത്തമഴ എത്തിയത് ജനജീവിതം ദുസ്സഹമാക്കി. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈ ഉള്‍പ്പെടെ 20 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയിലാണ് ന്യൂനമര്‍ദ്ദം കരയോട് അടുക്കുന്നത്. ചെന്നൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ന്യൂനമര്‍ദ്ദം വൈകീട്ടോടെ കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ചെന്നൈയില്‍ അതിതീവ്രമഴ

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. ചെന്നൈ, കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, ജില്ലകളിലും പുതുച്ചേരിയിലും ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചെന്നൈ, കന്യാകുമാരി ഉള്‍പ്പെടെ 13 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ബുധനാഴ്ച രാത്രി ശക്തമായ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. വീണ്ടും കനത്തമഴ പെയ്തതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. എന്നോര്‍ പോര്‍ട്ടില്‍ 17.5 സെന്റിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. ചെന്നൈയിലും സമീപ ജില്ലകളിലുമാണ് മഴ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates