'ഇന്ത്യയാണെന്ന് തോന്നുന്നില്ല, എല്ലാം പെര്‍ഫെക്ട്'; ബ്രിട്ടീഷ് സഞ്ചാരിയുടെ വിഡിയോ വൈറല്‍

'ആദ്യത്തെ അനുഭവമാണിത്. ഇത് നോക്കൂ. ഇത് ഇന്ത്യയിലെ ഒരു നഗരമാണെന്ന് നിങ്ങള്‍ക്ക് ശരിക്കും തോന്നുന്നുണ്ടോ? ഇത് അതിശയിപ്പിക്കുന്നതാണ്. നിങ്ങള്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന ഒന്നുമല്ല ഇത്, ശരിക്കും. '

British Architect Praises Chandigarh's Urban Planning And Cleanliness
British Architect Insta
Edited by :ആതിര അഗസ്റ്റിന്‍
Last Updated :3 ജൂൺ 2026, 12:04 pm IST

ചണ്ഡീഗഡ്: വിദേശീയരായ സഞ്ചാരികള്‍ പലപ്പോഴും ഇന്ത്യയിലെത്തുന്നതിന് മുമ്പ് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ കേട്ടിട്ടാണ് എത്താറ്. എന്നാല്‍ ഇന്ത്യ കണ്ട് കഴിഞ്ഞ ശേഷം അവരുടെ അഭിപ്രായത്തിന് മാറ്റമുണ്ടാകാറുമുണ്ട്. ചണ്ഡീഗഢ് സന്ദര്‍ശിച്ചതിന് ശേഷം ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ നഗരം കണ്ടിട്ട് ഇന്ത്യയാണെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്.

റസ്സല്‍ ഹെന്‍ഡേഴ്‌സണ്‍ എന്ന ആര്‍ക്കിടെക്ടാണ് ഇന്ത്യയെ കുറിച്ച് വാ തോരാതെ പറയുന്നത്. നഗരത്തിന്റെ ക്രമീകരണവും തിരക്കില്ലാത്ത അന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുന്നു. മാലിന്യങ്ങളോ ചവറുകളോ ഒട്ടുമില്ലാത്ത, വൃത്തിയുള്ള വിശാലമായ നടപ്പാതകളിലൂടെ അദ്ദേഹം നടക്കുന്നതും വീഡിയോയില്‍ കാണാം. യുകെ, തായ്ലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം നിലവില്‍ ടാന്‍സാനിയയില്‍ താമസിക്കുകയാണ് ഹെന്‍ഡേഴ്‌സണ്‍.

'ആദ്യത്തെ അനുഭവമാണിത്. ഇത് നോക്കൂ. ഇത് ഇന്ത്യയിലെ ഒരു നഗരമാണെന്ന് നിങ്ങള്‍ക്ക് ശരിക്കും തോന്നുന്നുണ്ടോ? ഇത് അതിശയിപ്പിക്കുന്നതാണ്. നിങ്ങള്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന ഒന്നുമല്ല ഇത്, ശരിക്കും. ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഇവിടെ ഇരുവശത്തും റോഡ് ഗതാഗതമുണ്ട്. ദാ അവിടെ നോക്കൂ, സൈക്കിള്‍ അടയാളങ്ങള്‍. ഇന്ത്യയില്‍ ഞാന്‍ ഇതിനുമുമ്പ് ഇത് കണ്ടിട്ടേയില്ല, ശരിക്കും. ഇത്തരത്തില്‍ നഗരത്തിന്റെ മികച്ച ആസൂത്രണം ഭാവിയിലും ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്ന് ഈ ആര്‍ക്കിടെക്റ്റ് ചൂണ്ടിക്കാണിക്കുന്നു. സൈക്കിളുകള്‍, കാല്‍നടയാത്രക്കാര്‍, എല്ലാം പെര്‍ഫെക്റ്റ് ആണ്. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഇത് വളരെ നന്നായി ആസൂത്രണം ചെയ്ത ഒരു നഗരമാണ്. ധാരാളം സ്ഥലം, ഒട്ടും ഗതാഗതക്കുരുക്കില്ല. ധാരാളം പാര്‍ക്കിങ് സൗകര്യങ്ങള്‍, ഒരുപാട് റോഡുകള്‍...അദ്ദേഹം പറഞ്ഞു.

വരുന്ന കുറേ വര്‍ഷങ്ങളിലേക്ക് കൂടി ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇവിടം തികച്ചും വൃത്തിയുള്ളതും സുരക്ഷിതവുമാണ്. ഞാന്‍ പകലും രാത്രിയും ക്യാമറയുമായി ഇവിടെ നടക്കുന്നുണ്ട്. എത്രത്തോളം വൃത്തിയുള്ളതാണെന്ന് നോക്കൂ. എവിടെയും എനിക്ക് ഒരു ചപ്പുചവറുകളും കാണാന്‍ കഴിയുന്നില്ല. താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, അദ്ദേഹം പറയുന്നു. ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ, ഇന്ത്യയുടെ നല്ലൊരു വശം കാണിച്ചതിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഹെന്‍ഡേഴ്‌സണെ അഭിനന്ദിച്ചു. ഇന്ത്യയില്‍ താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ചണ്ഡീഗഡാണെന്ന് ചിലര്‍ അവകാശപ്പെടുകയും ചെയ്തു.

'ഒരു ചണ്ഡീഗഡ് പൗരന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്നു,' ഒരു ഉപയോക്താവ് കുറിച്ചു. നിങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് നടക്കുന്നത്, 20 വര്‍ഷം മുമ്പ് നഗരം വളരെ സജീവമായിരുന്നു. ഇപ്പോള്‍ ഇവിടെ സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമാണുള്ളത്, പണ്ടത്തെപ്പോലെ അത്ര തിരക്കില്ല. ചണ്ഡീഗഡ് സന്ദര്‍ശിച്ചതിന് നന്ദി, ഇവിടെ നിങ്ങള്‍ക്ക് നല്ലൊരു സമയം ലഭിച്ചുവെന്ന് പ്രതീക്ഷിക്കുന്നു, മറ്റൊരാള്‍ കുറിച്ചു. രാജ്യത്ത് താമസിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലം ഒരുപക്ഷേ ചണ്ഡീഗഡ് ആയിരിക്കുമെന്നും നഗരത്തിലെ ഭവന വിപണി അത് വ്യക്തമാക്കുന്നുണ്ടെന്നും മറ്റൊരാള്‍ കുറിച്ചു.

ചണ്ഡീഗഡിലെ പ്രദേശവാസികള്‍ നടക്കാനും സൈക്കിള്‍ ചവിട്ടാനും ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാറില്ല. വൈകുന്നേരം 6 മണിക്ക് ശേഷമോ അല്ലെങ്കില്‍ അതിരാവിലെയോ ഞങ്ങള്‍ കൂടുതലും പാര്‍ക്കുകളിലായിരിക്കും. ഇവിടെ മാലിന്യങ്ങള്‍ ഇല്ലാത്തതിന് കാരണം, നഗരം പരിപാലിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നല്ലൊരു ബജറ്റ് ലഭിക്കുന്ന ചെറിയൊരു നഗരമാണിത് എന്നതുകൊണ്ടാണ്. കൂടാതെ ഇത് രണ്ട് സംസ്ഥാനങ്ങളുടെ (പഞ്ചാബ്, ഹരിയാന) സംയുക്ത തലസ്ഥാനമാണ്, അതായത് ഇരു സംസ്ഥാനങ്ങളുടെയും വലിയ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ചണ്ഡീഗഡ്: 'ദി സിറ്റി ബ്യൂട്ടിഫുള്‍'

1950-കളില്‍ സ്വിസ്-ഫ്രഞ്ച് ആര്‍ക്കിടെക്റ്റായ ലീ കോര്‍ബിസിയര്‍ രൂപകല്‍പ്പന ചെയ്ത ചണ്ഡീഗഡ്, വിശാലമായ റോഡുകള്‍, മരങ്ങള്‍ നിറഞ്ഞ വഴികള്‍, 'സെക്ടറുകള്‍' എന്ന് വിളിക്കപ്പെടുന്ന ചെറിയ ടൗണുകള്‍ എന്നിവ ചണ്ഡീഗഡിന്റെ പ്രത്യേകതയാണ്.

സുഖ്‌ന തടാകം, റോസ് ഗാര്‍ഡന്‍ , റോക്ക് ഗാര്‍ഡന്‍ എന്നിവയുള്‍പ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചണ്ഡീഗഡിലുണ്ട്. ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലുള്ള സമയമാണ് ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് ഇവിടുത്തെ കാലാവസ്ഥ വളരെ മനോഹരവും, പാര്‍ക്കുകളിലെ പിക്‌നിക്കുകള്‍ക്കും റൂഫ്-ടോപ്പ് ഡിന്നറുകള്‍ക്കും മികച്ച നിലവാരമുള്ളതാണ്.

News Now

Summary

'Doesn't Feel Like India': British Architect Praises Chandigarh's Urban Planning And Cleanliness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates