
'ഓപ്പറേഷന് ഗംഗ'; യുക്രൈന് രക്ഷാദൗത്യത്തിന് പേരുനല്കി കേന്ദ്രസര്‍ക്കാര്‍, 250 യാത്രക്കാരുമായുള്ള രണ്ടാമത്തെ സംഘം പുറപ്പെട്ടു - വീഡിയോ
റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഓപ്പറേഷന് ഗംഗ എന്ന പേരുനല്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഓപ്പറേഷന് ഗംഗ എന്ന പേരുനല്കി കേന്ദ്രസര്‍ക്കാര്‍. 219 യാത്രക്കാരുമായി റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങിയതോടെ കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ദൗത്യം വിജയകരമായി.
സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിച്ച കേന്ദ്രസര്‍ക്കാരിനോട് വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു.അതിനിടെ ബുക്കാറസ്റ്റില്‍ നിന്ന് രണ്ടാമത്തെ സംഘത്തെയും വഹിച്ചു കൊണ്ടുള്ള വിമാനം പറന്നുയര്‍ന്നു. 250 യാത്രക്കാരുമായി പുറപ്പെട്ട വിമാനം പുലര്‍ച്ചെ ഡല്‍ഹിയില്‍ പറന്നിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH The second flight from Bucharest has taken off for Delhi with 250 Indian nationals#OperationGanga pic.twitter.com/2DVT4dGYF4
â ANI (@ANI) February 26, 2022
നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്സിന് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്.
യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്ഹോറോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്. ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.
ബസ്, വാന്‍ എന്നിവ വഴി മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ. അതിനാല്‍ കാല്‍നട യാത്ര അനുവദിക്കുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അംഗീകൃത പാസ്പോര്‍ട്ട്, റെസിഡന്റ് പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വാക്സിനേഷന് കാര്‍ഡ് എന്നിവ കൈയില്‍ കരുതണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കെപിപി ടൈസ ബോര്ഡറില് എത്തിയവര്‍ ഉസ്ഹോറോഡിലേക്ക് തിരികെ പോകുകയും ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടേണ്ടതുമാണ്. അതിര്‍ത്തിയില്‍ കാലതാമസം ഉണ്ടായാല്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥികളെ ഹംഗറി വഴി നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ക്രമീകരണം
മറ്റു അതിര്‍ത്തികള്‍ വഴി ഹംഗറിയിലേക്ക് പ്രവേശിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നു. മറ്റു അതിര്‍ത്തികളില്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വരാം. കൂടാതെ ഇത്തരം അതിര്‍ത്തികളില്‍ എംബസിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഹംഗറിയിലേക്ക് പ്രവേശിക്കുന്നതിന് എംബസി വഴിയുള്ള സഹായം ലഭിക്കില്ല. ഇത്തരം അതിര്‍ത്തികള്‍ വഴി ബുഡാപെസ്റ്റില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ പൊതു ഗതാഗതം തെരഞ്ഞെടുക്കാന്‍ മറക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം സ്ലോവാക്യ വഴിയുള്ള രക്ഷാദൗത്യത്തിന് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ സഹോണി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഹംഗറിയില്‍ എത്തി. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ബുഡാപെസ്റ്റില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിക്കും. നാളെ പുലര്‍ച്ചെയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


