ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി; യുവാവിന് ക്രൂരമര്‍ദ്ദനം, ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തിച്ചു; വീഡിയോ പകര്‍ത്തി; അറസ്റ്റ്

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു

യുവാവിനെ കഴുത്തില്‍ ചെരുപ്പ് മാലയിട്ടതിന്റെ ദൃശ്യങ്ങള്‍
Last Updated :20 January 2024, 8:44 am IST


ഭോപ്പാല്‍: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ദമാന്‍ ഖമാരിയ ഗ്രാമത്തിലാണ് യുവതിയുടെ ബന്ധുക്കളായ നാല് പേര്‍ ചേര്‍ന്ന് യുവാവിനെ ചെരുപ്പ് മാലയണിയിച്ച് തെരുവീലൂടെ നടത്തിച്ചത്. ഇവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നാലെ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവതിയും യുവാവും ഒരേഗ്രാമത്തില്‍ താമസിക്കുന്നവരാണ്. അടുത്തിടെ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ യുവാവ് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. ഫോണ്‍ വീട്ടുകാര്‍ പിടിക്കപ്പെട്ടതോടെ യുവാവ് വാങ്ങി നല്‍കിയതാണെന്ന് പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞു. പിന്നാലെ യുവതിയെ കൊണ്ട് ഫോണ്‍ വിളിപ്പിച്ച് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയുടെ ബന്ധുക്കള്‍ ഇയാളെ മര്‍ദ്ദിക്കുകയും അതിന് ശേഷം ചെരുപ്പ്മാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ നാല് പേര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയുന്ന നിയമപ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now