സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമ്മമാരെ കെണിയിലാക്കിയാണു സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:39 am IST

News Now

മുംബൈ: ദത്തെടുത്ത കുഞ്ഞുങ്ങളെ വില്‍ക്കുന്ന വന്‍ സംഘത്തെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്. ആറു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമ്മമാരെ കെണിയിലാക്കിയാണു സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്.  പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും ആണ്‍കുട്ടികളെ 1.50 ലക്ഷത്തിനുമാണു വില്‍പ്പന നടത്തിയത്. 

അടുത്തിടെയായി നാലു കുഞ്ഞുങ്ങളെയാണ് ഇവര്‍ വിറ്റത്. ഒരു സ്ത്രീ കുഞ്ഞിനെ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എസ്‌ഐ യോഗേഷ് ചാവനയും മനീഷ പവാറുമാണു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുത്തത്.രൂപാലി വര്‍മ വഴി ഒരു പെണ്‍കുഞ്ഞിനെ രുഖ്‌സര്‍ ഷെയ്ഖ് എന്ന സ്ത്രീ വിറ്റതായി അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഷാജഹാന്‍ ജോഗില്‍ക്കര്‍ എന്ന സ്ത്രീയും തന്റെ കുഞ്ഞിനെ രൂപാലി വര്‍മ വഴി വിറ്റതായി കണ്ടെത്തി. മൂന്ന് സ്ത്രീകളെയും പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു. 2019ല്‍ തന്റെ പെണ്‍കുഞ്ഞിനെ 60,000 രൂപയ്ക്കും അടുത്തിടെ ജനിച്ച ആണ്‍കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്കും വില്‍ക്കാന്‍ രൂപാലി സഹായിച്ചതായി രുഖ്‌സര്‍ ഷെയ്ഖ് പറഞ്ഞു.

ധാരാവിയിലെ കുടുംബത്തിന് 60,000 രൂപയ്ക്കു തന്റെ ആണ്‍കുഞ്ഞിനെ വിറ്റതായി ജോഗില്‍ക്കറും സമ്മതിച്ചു. ചോദ്യം ചെയ്യലില്‍ ഹീന ഖാന്‍, നിഷ അഹിര്‍ എന്നീ രണ്ടു സബ് ഏജന്റുമാരുടെ വിവരങ്ങളും രൂപാലി വെളിപ്പെടുത്തി. രുഖ്‌സര്‍ ഷെയ്ഖ്, നിഷ അഹിര്‍, ഹീന ഖാന്‍, ആരതി സിങ്, രൂപാലി വര്‍മ, ഗീതാഞ്ജലി ഗെയ്ക്‌വാദ്, ഷാജഹാന്‍ ജോഗില്‍ക്കര്‍, സഞ്ജയ് പദം എന്നിവര്‍ക്കെതിരെ കേസെടുത്തു. മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates