ലോട്ടറി ഫലം പ്രവചിച്ചത് പിഴച്ചു, ആള്‍ദൈവത്തെ തലയ്ക്കടിച്ചു കൊന്നു

രാംദാസ് ഗിരിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്കു ലോട്ടറി ലഭിച്ചിട്ടുണ്ടെന്നാണ് അനുയായികള്‍ പറയുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

ബിജ്‌നോര്‍ (യുപി): ലോട്ടറി ഫലപ്രവചനം തെറ്റിപ്പോയതിന് ആള്‍ദൈവത്തെ തലയ്ക്കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. സ്വയംപ്രഖ്യാപിത ആള്‍ദൈവമായ രാംദാസ് ഗിരിയാണ് കൊല്ലപ്പെട്ടത്.

മുഹമ്മദ് ജിഷാന്‍ എന്നയാളാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. 

രാംദാസ് ഗിരിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്കു ലോട്ടറി ലഭിച്ചിട്ടുണ്ടെന്നാണ് അനുയായികള്‍ പറയുന്നത്. ഇതു കേട്ടാണ് ജിഷാന്‍ ഇയാളുടെ അടുക്കല്‍ എത്തിയത്. ഫലം പ്രവചിക്കാന്‍ ജിഷാന്‍ ഗിരിക്ക് 51,000 രൂപയും ഒരു മൊബൈല്‍ഫോണും നല്‍കി. കൈയിലെ കാശിന് ഗിരി പറഞ്ഞ നമ്പറിലെ ലോട്ടറി ടിക്കറ്റുകള്‍ എടുക്കുകയും ചെയ്തു. 

ഫലം വന്നപ്പോള്‍ ഒന്നുപോലും അടിച്ചില്ലെന്നു കണ്ട് ക്ഷുഭിതനായ ജിഷാന്‍ ഗിരിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റാണ് ഗിരി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 

നിരീക്ഷണ കാമറകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ജിഷാനെ അറസ്റ്റ് ചെയ്തത്.
 

News Now