മദ്യലഹരിയില്‍ വരന്‍ നൃത്തം വെച്ച് അഴിഞ്ഞാടിയതിനെ തുടര്‍ന്ന് വിവാഹ ഘോഷയാത്ര മണിക്കൂറുകളോളം വൈകിയതിനാല്‍ കല്യാണം വേണ്ടെന്ന് വച്ച് വധു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST

News Now

ജയ്പൂര്‍: മദ്യലഹരിയില്‍ വരന്‍ നൃത്തം വെച്ച് അഴിഞ്ഞാടിയതിനെ തുടര്‍ന്ന് വിവാഹ ഘോഷയാത്ര മണിക്കൂറുകളോളം വൈകിയതിനാല്‍ കല്യാണം വേണ്ടെന്ന് വച്ച് വധു. തുടര്‍ന്ന് മറ്റൊരാളെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു.

രാജസ്ഥാനിലെ ചുരു ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. രാത്രി ഒന്‍പത് മണിയോടെയാണ് വധുവിന്റെ വീട്ടിലേക്ക് വരനും സംഘവും ഘോഷയാത്രയായി പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വരനും കൂട്ടുകാരും മദ്യലഹരിയില്‍ ഡിജെ താളത്തില്‍ നൃത്തം വച്ച് സമയം കളഞ്ഞതിനാല്‍ ഘോഷയാത്ര വൈകി. രാവിലെ ഒന്നേകാലാണ് വിവാഹ മുഹൂര്‍ത്തമായി തീരുമാനിച്ചിരുന്നത്.

മുഹൂര്‍ത്തത്തിന് സമയമായിട്ടും വരനും കൂട്ടുകാരും എത്താതിരുന്നതിനെ തുടര്‍ന്നാണ് വധു വിവാഹം വേണ്ടെന്ന് വച്ചത്. പിന്നാലെ മറ്റൊരാളെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ വരന്റെ വീട്ടുകാര്‍ വധുവിന്റെ കുടുംബക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ മുഹൂര്‍ത്ത സമയത്തിന് വേണ്ട ഗൗരവം വരന്റെ വീട്ടുകാര്‍ കൊടുത്തില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. കുടുംബ പ്രശ്‌നമാണ് കല്യാണം വേണ്ടെന്ന് വെയ്ക്കാന്‍ കാരണമെന്ന് ഇരുവീട്ടുകാരും സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates