'മറ്റാരെങ്കിലും ദുരുപയോഗം ചെയ്യും'; കോക്രോച്ച് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യണം, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകര്‍

അപേക്ഷയില്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

Cockroach Janta Party
Cockroach Janta Party x
Edited by :ആതിര അഗസ്റ്റിന്‍
Last Updated :26 മേയ് 2026, 5:36 pm IST

ചണ്ഡീഗഡ്: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) എന്ന ഹാസ്യാത്മക ഓണ്‍ലൈന്‍ കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകന്‍. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ള അഭിഭാഷകന്‍ സുധീര്‍ ജാഖര്‍ ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയുടെ സ്ഥാപകനായ അഭിജിത് ദിപ്കെയില്‍ നിന്ന് സ്വതന്ത്രമായി തന്റെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനാണ് ജാഖര്‍ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയില്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന അഭിജിത് ദിപ്കെയാണ് സിജെപിയുടെ സ്ഥാപകന്‍. അദ്ദേഹത്തോട് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അത് നിരസിച്ചതായി ജാഖര്‍ അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍, യുവാക്കളുടെ ഇടയിലുള്ള ഈ വലിയ രോഷവും മുന്നേറ്റവും മറ്റാരെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാനാണ് തങ്ങള്‍ തന്നെ മുന്നോട്ടുവന്ന് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഈ മൂവ്മെന്റ് ഒരു ഗൗരവമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറേണ്ടതുണ്ടെന്നും ജാഖര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ പ്രകാരമുള്ള മൗലിക കര്‍ത്തവ്യങ്ങളുടെ പ്രചാരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് ജാഖര്‍ കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചത്. എന്നാല്‍, വിരമിച്ച ജഡ്ജിമാര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കരുത്, രാഷ്ട്രീയ കൂറുമാറ്റക്കാര്‍ക്ക് 20 വര്‍ഷം നിരോധനം ഏര്‍പ്പെടുത്തണം തുടങ്ങിയവയായിരുന്നു സിജെപിയുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍. ഇത്തരത്തില്‍ ലക്ഷ്യങ്ങളില്‍ വ്യത്യാസമുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹികള്‍ ആരെന്നത് തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകള്‍' എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഈ കൂട്ടായ്മ രൂപം കൊണ്ടത്. വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തു.

News Now

Summary

Haryana lawyer seeks ECI registration for Cockroach Janta Party (CJP) amid controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates