നിയമ വിരുദ്ധമായ നടപടിയാണ് ഘാസിയാബാദിലെ ആര്യ സമാജം വിവാഹ മന്ദിരത്തിന്റേതെന്ന് ഡിവിഷന്‍ ബെഞ്ച്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

News Now

ഭോപ്പാല്‍: മുസ്‌ലിം യുവതിയെ മതംമാറ്റി ഹിന്ദുവാക്കി വിവാഹം നടത്തിക്കൊടുത്ത ആര്യ സമാജം ട്രസ്റ്റിനെതിരെ അന്വേഷണം നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. നിയമ വിരുദ്ധമായ നടപടിയാണ് ഘാസിയാബാദിലെ ആര്യ സമാജം വിവാഹ മന്ദിരത്തിന്റേതെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യയെ പൊലീസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മില്‍ നാടുവിട്ടാണ് വിവാഹം കഴിച്ചത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് അഭയകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

വീടു വിട്ട തങ്ങള്‍ വിവാഹിതരായെന്നും യുവതിയെ ആര്യസമാജത്തില്‍ എത്തിച്ച് മതംമാറ്റിയെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വിവാഹ മന്ദിര്‍ അധികൃതര്‍ നല്‍കിയ സാക്ഷ്യപത്രവും ഹാജരാക്കി. ഇതു പരിശോധിച്ച കോടതി മന്ദിറിനെതിരെ അന്വേഷണം നടത്താന്‍ സ്വമേധയാ ഉത്തരവിടുകയായിരുന്നു.

നിയമ വിരുദ്ധമായ നടപടികളിലൂടെയാണ് വിവാഹ മന്ദിര്‍ യുവതിയെ മതംമാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ മന്ദിറിന് അതിനുള്ള അധികാരമില്ല. നിയമപരമായ പിന്‍ബലമില്ലാതെയാണ് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തതെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും കോടതി വിലയിരുത്തി.

സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ഇടവയ്ക്കുന്ന നടപടിയാണ് വിവാഹ മന്ദിറിന്റേത്. ഗുരതരമായ ക്രമസമാധാന പ്രശ്‌നത്തിനും അത് ഇടവയ്ക്കും. അതുകൊണ്ടുതന്നെ വിവാഹ മന്ദിറിന്റെ നടപടിയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തണം. മന്ദിറിന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates