സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കരുതെന്ന സര്‍ക്കാരിന്റെ വിവാദ ഉത്തരവിന് എതിരെയാണ് പ്രതിഷേധം

ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 8:57 am IST

News Now


ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ' ഐ ലവ് ഹിജാബ്' ക്യാമ്പയിനുമായി മൈസൂരുവിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കരുതെന്ന സര്‍ക്കാരിന്റെ വിവാദ ഉത്തരവിന് എതിരെയാണ് പ്രതിഷേധം. ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളിലും കോളജിലും കയറ്റാതെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിനുമായി രംഗത്തെത്തിയത്. 

'ഐ ലവ് ഹിബാജ്' ക്യാമ്പയിന് എതിരെ ഭരണകക്ഷിയായ ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. കര്‍ണാകടയെ താലിബാന്‍ ആക്കാന്‍ സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. വിദ്യാഭ്യാസം തുടരണമെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ഒഴിവാക്കേണ്ടിവരുമെന്നും ബിജെപി പറഞ്ഞു. 

മൈസൂരു ബന്നിമണ്ഡപിന് മുന്നില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥിനികളാണ് സര്‍ക്കാരിന് എതിരെ പ്രതിഷേധം നടത്തിയത്. ഹിജാബിന് എതിരെ ബിജെപി അനുകൂലികളായ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷോള്‍ ധരിച്ച് കോളജുകളില്‍ എത്തിയിരുന്നു. 

വിവാദം വര്‍ഗീയ വിഷയമായി മാറുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

അതേസമയം, വിവാദത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനില്‍ കുമാര്‍ രംഗത്തെത്തി. കര്‍ണാടകയെ താലിബാനാക്കാന്‍ താന്‍ സമ്മതിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ ഹൈക്കോടതിയില്‍ പോകാന്‍ സാധിക്കുമെന്നും ആരാണ് ഇവര്‍ക്ക് പിന്നിലെന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം, വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ് എന്നാണ് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ ആഗ്രഹത്തിന് അനുസരിച്ച് നിയമങ്ങള്‍ മാറ്റാന്‍ സാധിക്കില്ല. ബ്രിട്ടീഷ് കാലം തൊട്ടേയുള്ളതാണ് യൂണിഫോം എന്ന ആശയം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസ് രാാജ്യത്തെ വിഭജിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates