ഹിന്ദുവാണെങ്കില്‍ അയാള്‍ ദേശസ്‌നേഹി ആയിരിക്കുമെന്നും അത് ഹിന്ദുക്കളുടെ അടിസ്ഥാന സ്വഭാവമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:38 am IST

News Now

ന്യൂഡല്‍ഹി: ഹിന്ദുവാണെങ്കില്‍ അയാള്‍ ദേശസ്‌നേഹി ആയിരിക്കുമെന്നും അത് ഹിന്ദുക്കളുടെ അടിസ്ഥാന സ്വഭാവമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ദേശസ്‌നേഹം ഉത്ഭവിക്കുന്നത് അവന്റെ ധര്‍മ്മത്തില്‍ നിന്നാണെന്ന മഹാത്മാഗാന്ധിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന.

ജെ കെ ബജാജും എം ഡി ശ്രീനിവാസും ചേര്‍ന്ന് രചിച്ച 'മേക്കിങ് ഓഫ് എ ഹിന്ദു; ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ്' പുസ്തകം പ്രകാശനം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. 

'സംഘം ഗാന്ധിജിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളുടെ ആവശ്യമില്ല. അദ്ദേഹത്തെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല', മോഹന്‍ ഭാഗവത് പറഞ്ഞു.

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ആധികാരിക പണ്ഡിത ഗവേഷണ രേഖയായി ഈ പുസ്തകത്തെ വിശേഷിപ്പിച്ച ഭാഗവത്, തന്റെ മാതൃരാജ്യത്തോടുള്ള സ്‌നേഹം ആത്മീയതയില്‍ നിന്ന് ഉത്ഭവിക്കുന്നതിനാല്‍ തന്റെ ധര്‍മ്മവും ദേശസ്നേഹവും വ്യത്യസ്തമല്ലെന്ന് പറഞ്ഞു.

തന്റെ ദേശസ്നേഹം ഉത്ഭവിച്ചത് തന്റെ ധര്‍മ്മത്തില്‍ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു, ധര്‍മ്മം കേവലം മതത്തെ അര്‍ത്ഥമാക്കുന്നില്ലെന്നും അത് മതത്തേക്കാള്‍ വിശാലമാണെന്നും ഭാഗവത് പറഞ്ഞു.

'ആരെങ്കിലും ഹിന്ദുവാണെങ്കില്‍, അവന്‍ ദേശസ്‌നേഹിയാകണം, അതായിരിക്കും അവന്റെ അല്ലെങ്കില്‍ അവളുടെ അടിസ്ഥാന സ്വഭാവവും പ്രകൃതവും. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ദേശസ്നേഹത്തെ ഉണര്‍ത്തേണ്ടിവരും, പക്ഷേ ഹിന്ദുവായൊരുവന് ഒരിക്കലും ഇന്ത്യാ വിരുദ്ധനാകാന്‍ കഴിയില്ല. തന്റെ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാള്‍ ആ ഭൂമിയെ മാത്രം സ്‌നേഹിക്കുന്നു എന്നല്ല അര്‍ഥമാക്കുന്നത്, അവിടുത്തെ ജനത, നദികള്‍, സംസ്‌കാരം, പാരമ്പര്യങ്ങള്‍, എല്ലാം അര്‍ത്ഥമാക്കുന്നു'അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates