മൂന്നുദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിദിനരോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

മൂന്നുദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിദിനരോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പുതുതായി 1,15,736 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. നിലവില്‍ 8,43,473  പേരാണ് ഇന്ത്യയില്‍ ചികില്‍സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ 59,856 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,17,92,135 ആയി. ഇന്നലെ കോവിഡ് ബാധിച്ച് രാജ്യത്ത് 630 പേരാണ് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം  1,66,177 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 8,70,77,474 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് സ്ഥിതിഗതികള്‍ അതീവ രൂക്ഷമായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ 55,469 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഛത്തീസ്ഗഡില്‍ 9921 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ 5000 ന് മുകളില്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ 297 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates