കര്‍ണാടകയില്‍ ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും കോളജുകള്‍ തുറന്നപ്പോള്‍, നേരത്തെ ഹിജാബ് അനുവദിച്ചിരുന്ന സ്ഥാപനങ്ങളും മതവസ്ത്രങ്ങള്‍ ധരിക്കുന്നതിനു വിദ്യാര്‍ഥികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി

കർണാടകയിലെ ഹിജാബ് പ്രതിഷേധത്തിനിടെ കോളജിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികൾ/ഫയൽ ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

ബംഗളൂരു: കര്‍ണാടകയില്‍ ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും കോളജുകള്‍ തുറന്നപ്പോള്‍, നേരത്തെ ഹിജാബ് അനുവദിച്ചിരുന്ന സ്ഥാപനങ്ങളും മതവസ്ത്രങ്ങള്‍ ധരിക്കുന്നതിനു വിദ്യാര്‍ഥികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ തീരുമാനമാവുന്നതു വരെ എല്ലാവിധത്തിലുള്ള മതവസ്ത്രങ്ങളും വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മൂന്നാം ദിവസവും തുടരുകയാണ്. 

വടക്കന്‍ കര്‍ണാടകയിലെ വിജയപുരയിലെ ഗവണ്‍മെന്റ് പിയു കോളജ് നേരത്തെ ഹിജാബ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ തടഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു പ്രകാരം ഒരുതരത്തിലുള്ള മതവസ്ത്രങ്ങളും അനുവദനീയമല്ലെന്നായിരുന്നു അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.

മുന്നറിയിപ്പ് ഇല്ലാതെയുള്ള ഹിജാബ് വിലക്ക് വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ തര്‍ക്കത്തിനും വഴിവച്ചു. നേരത്തെ അനുവദിച്ചിരുന്നതിനാല്‍ ഹിജാബ് ധരിച്ചായിരുന്നു ഒട്ടേറെ വിദ്യാര്‍ഥികള്‍ എത്തിയത്. ഇവരോടെല്ലാം ഹിജാബ് അഴിച്ചുമാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രതിഷേധിച്ച് ചിലര്‍ വീടുകളിലേക്കു മടങ്ങുകയും ചെയ്തു.