'ഭര്‍ത്താവുമായി ശാരീരികമായി അടുത്താല്‍ മരിക്കും, നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു'; ശിവസേന നേതാവിനെതിരെ മരുമകളുടെ പരാതി, കേസ്

രാഷ്ട്രീയ നേതാവായ വിനായക് റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, കൗണ്‍സിലറായ മകന്‍ ഗിതേഷ് റാവത്ത് എന്നിവര്‍ക്കെതിരെ അന്ധവിശ്വാസ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Vinayak Raut
Vinayak Rautfacebook
Edited by :ആതിര അഗസ്റ്റിന്‍
Last Updated :12 ജൂലൈ 2026, 2:19 pm IST

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകള്‍. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും മുന്‍ എംപിയായ വിനായക് റാവത്തിന്റെ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ച് ഗോമൂത്രം കുടിപ്പിക്കുകയും മാനസികമായും ശാരീരികമായും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. അന്ധവിശ്വാസത്തിന്റെ ഭാഗമായി തലമുടി പിഴുതു കളഞ്ഞെന്നും പട്ടിണിക്കിട്ടെന്നും യുവതി ആരോപിക്കുന്നു.

രാഷ്ട്രീയ നേതാവായ വിനായക് റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, കൗണ്‍സിലറായ മകന്‍ ഗിതേഷ് റാവത്ത് എന്നിവര്‍ക്കെതിരെ അന്ധവിശ്വാസ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഫിറോസ്, ഖാസി എന്നീ രണ്ട് മന്ത്രവാദികളുടെ പേരുകളും എഫ്.ഐ.ആറിലുണ്ട്. ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പലതവണ പട്ടിണിക്കിട്ടതായും ഗിരിജ റാവത്ത് ആരോപിച്ചു.

'കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ സാമൂഹികവും മാനസികവും വൈകാരികവുമായ പീഡനങ്ങള്‍ നേരിടുകയാണ്. അവര്‍ രാഷ്ട്രീയമായും സ്വാധീനമുള്ളതുമായ ഒരു കുടുംബമാണ്. അതുകൊണ്ടാണ് നേരത്തെ പരാതി നല്‍കാന്‍ എനിക്ക് ധൈര്യം കിട്ടാതിരുന്നത്, യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭര്‍ത്താവിന്റെ വന്ധ്യതാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കുടുംബം തന്നെ മന്ത്രവാദികളുടെ അടുക്കലേക്ക് കൊണ്ടുപോയതായി അവര്‍ ആരോപിച്ചു. വിനായക് റാവത്ത് ഒരിക്കലും തന്റെ പക്ഷം പിടിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ഊട്ടിയിലെ ഹണിമൂണിനിടയില്‍ ഭര്‍ത്താവ് താനുമായി ശാരീരിക ബന്ധത്തിന് തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു. താന്‍ അടുത്ത് ചെല്ലുമ്പോഴൊക്കെ അദ്ദേഹം തന്നെ തള്ളിമാറ്റി. ഇന്ത്യയില്‍ വെച്ചല്ല, വിദേശത്ത് വെച്ച് മാത്രമേ ശാരീരികമായി അടുക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും അവര്‍ അവകാശപ്പെട്ടു. ഊട്ടിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തങ്ങളുടെ കുടുംബഗ്രാമമായ തല്‍ഗാവിലെ സ്വീകരണ ചടങ്ങിന് പോകുന്നതിനിടയില്‍ ഭര്‍ത്താവ് പരസ്യമായി തന്നെ അപമാനിച്ചതായും അവര്‍ അവകാശപ്പെട്ടു. പതുക്കെ നടന്നു എന്നതിന് എല്ലാവരുടെയും മുന്നില്‍ വെച്ച് അദ്ദേഹം തന്നോട് തട്ടിക്കയറി. ഇത്തരം വഴക്കുകള്‍ പതിവായിരുന്നുവെന്നും ചുറ്റുപാടുമുള്ളവരെക്കുറിച്ച് അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ലെന്നും ഗിരിജ റാവത്ത് പറഞ്ഞു. സമയവും സ്ഥലവും നോക്കാതെ, ദേഷ്യം അടങ്ങുന്നതുവരെ അദ്ദേഹം വഴക്കിടുമായിരുന്നു.

2018-ലെ ഓസ്ട്രേലിയന്‍ യാത്രയിലും ഭര്‍ത്താവ് തന്നെ അവഗണിക്കുന്നത് തുടര്‍ന്നതായി അവര്‍ പറഞ്ഞു. ഈ വിഷയം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മര്‍ദ്ദിച്ചതായും തങ്ങള്‍ ശാരീരികമായി അടുത്താല്‍ താന്‍ മരിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു. ഭര്‍ത്താവിനെതിരെ മാത്രമല്ല, ഭര്‍തൃകുടുംബത്തിലെ മറ്റുള്ളവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്. മാനസിക പീഡനം, അധിക്ഷേപകരമായ പെരുമാറ്റം, ഗാര്‍ഹിക പീഡനം, പലതവണ തന്നെ ഉപേക്ഷിച്ചു പോകല്‍ എന്നിവയാണ് അവര്‍ ഭര്‍തൃകുടുംബത്തിനെതിരെ ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായിട്ടാണ് വിനായക് റാവത്ത് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വിനായക് റാവത്തും കുടുംബവും ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

News Now

Summary

Maharashtra Politician Charged After Daughter-In-Law's 'Cow Urine' Complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates