സാമ്പത്തിക തട്ടിപ്പ് കേസ്: ശില്‍പ ഷെട്ടിക്കെതിരെ എഫ്‌ഐആര്‍

ബോളിവുഡ്​ താരം ശിൽപ ഷെട്ടിക്കും ഭർത്താവ്​ രാജ്​ കുന്ദ്രക്കുമെതിരെ പരാതിയുമായി മുംബൈ സ്വദേശിയായ ബിസിനസുകാരൻ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST
Edited by :migrator


മുംബൈ:  ബോളിവുഡ്​ താരം ശിൽപ ഷെട്ടിക്കും ഭർത്താവ്​ രാജ്​ കുന്ദ്രക്കുമെതിരെ പരാതിയുമായി മുംബൈ സ്വദേശിയായ ബിസിനസുകാരൻ. ശിൽപയും ഭർത്താവും അടക്കമുള്ളവർ ചേർന്ന്​ 1.51 കോടി രൂപ തട്ടിയെടുത്തുവെന്നാണ്​ പരാതി.ബിസിനസുകാരനായ നിതിൻ ബാരായ്​ നൽകിയ പരാതിയിൽ​ ബന്ദ്ര പൊലീസ്​ എഫ്​ഐആർ രജിസ്​റ്റർ ചെയ്​തു.

2014ൽ നിതിൻ ബാരായ്​ നടത്തിയ ഒരു നിക്ഷേപവുമായി ബന്ധപ്പെട്ടാണ്​ പരാതി. എസ്​എഫ്​എൽ ഫിറ്റ്​നസ്​ കമ്പനി ഡയറക്​ടർ കാശിഫ്​ ഖാൻ, ശിൽപ്പ ഷെട്ടി, രാജ്​ കുന്ദ്ര എന്നിവർ ചേർന്ന്​ ലാഭം നേടുന്നതിനായി 1.51 കോടി രൂപ നിതിനോട്​ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടു. എസ്​.എഫ്​.​എൽ ഫിറ്റ്​നസ്​ കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി തനിക്ക്​ നൽകാമെന്ന്​ വാക്ക്​ നൽകിയിരുന്നതായും പുണെ കൊറേഗാവിലും ഹഡപ്​സറിലും ഒരു ജിമ്മും സ്​പായും തുറക്കാമെന്ന്​ വാഗ്​ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, ഇവർ ഇതുവരെ വാക്കുപാലിച്ചില്ലെന്നും എഫ്​.ഐ.ആറിൽ പറയുന്നു.

നിക്ഷേപവുമായി ബന്ധപ്പെട്ട്​ ഒരു വിവരവും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തട്ടിപ്പ്​, ക്രിമിനൽ ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ അന്വേഷണം.

നേരത്തേ, നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ്​ കുന്ദ്ര അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്​ രാജ്​ കുന്ദ്ര. ജൂലൈ 19നാണ്​ രാജ്​ കുന്ദ്രയെ നീലചിത്ര നിർമാണ വിതരണ കേസിൽ അറസ്റ്റ്​ ചെയ്​തത്​. കുന്ദ്രയെ കൂടാതെ കേസിൽ 11 പേരെയും അറസ്റ്റ്​ ചെയ്​തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now