ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി; ഇനിയുള്ളത് രണ്ട് എംഎല്‍എമാര്‍ മാത്രം

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചതിന് പിന്നാലെയാണ് അലക്‌സോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുന്നത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി/ഫയല്‍
Last Updated :20 January 2024, 8:52 am IST
Edited by :migrator


പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. അലക്‌സോ റെജിനാല്‍ഡോ ലോറന്‍സിയോയാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇതോടെ കോണ്‍ഗ്രസ് എംഎല്‍മാരുടെ എണ്ണം രണ്ടായി. അലക്‌സോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. 

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചതിന് പിന്നാലെയാണ് അലക്‌സോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. രണ്ട് മാസം മുന്‍പാണ് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റായി അലക്‌സോയെ നിയമിച്ചത്. 

കഴിഞ്ഞ ആഴ്ച, മുന്‍ മുഖ്യമന്ത്രി രവി നായിക് കോണ്‍ഗ്രസ് വിട്ടിരുന്നു. ബിജെപിയിലാണ് രവി നായിക് ചേക്കേറിയത്. ഇതിന് മുന്‍പ് മറ്റൊരു മുന്‍മുഖ്യന്ത്രി ലൂസിഞ്ഞോ ഫെലോറോ രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

2017ല്‍ ഏറ്റവും വലിയ ഒറ്റകക്ഷി, ഇനിയുള്ളത് രണ്ടുപേര്‍ മാത്രം

2017ലെ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയിരുന്നു. എന്നാല്‍ പതിമൂന്ന് സീറ്റ് നേടിയ ബിജെപി പ്രാദേശിക കക്ഷികളെ ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപീകരിച്ചു. അന്നുമുതല്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്കും ശക്തമാണ്.

2017ല്‍ വാല്‍പോയി എംഎല്‍എ വിശ്വജിത് റാണെയാണ് ആദ്യം രാജിവച്ചത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന റാണെ, നിലവില്‍ ആരോഗ്യമന്ത്രിയാണ്. പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി ബിജെപിയിലൈത്തി. 2019ലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് ആയിരുന്ന ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ഉള്‍പ്പെടെ പത്തുപേര്‍ ബിജെപി പാളയത്തിലെത്തി. നിലവില്‍ ഗോവ ഉപമുഖ്യമന്ത്രിയാണ് കവ്‌ലേക്കര്‍.നിലവിലെ പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്, പ്രതാപ് സിങ് റാണെ എന്നിവരാണ് ഇനി കോണ്‍ഗ്രസിന് ബാക്കിയുള്ള എംഎല്‍എമാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now