2,500 രൂപ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിലയിട്ട് പ്രതികാരം, ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍; യുവതി അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ട് യുവതിയുടെ ക്രൂരത. ഫോട്ടോയ്ക്ക് മുകളില്‍ വില 2,500 രൂപ എന്നും ചേര്‍ത്തിരുന്നു. അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് 32കാരിയായ രാധാ സിങ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ യുവതിയെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ തന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ രാധാ സിങ്‌ ചേര്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് മുകളില്‍ 2500 രൂപ എന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും സൂചിപ്പിച്ചിരുന്നു. 

മധ്യപ്രദേശ് സ്വദേശിയായ യുവതി അഹമ്മദാബാദിലാണ് താമസം. യുവതി നേരത്തെ ഡല്‍ഹിയില്‍ താമസിച്ചിരുന്നു. നാല് വര്‍ഷം മുന്‍പാണ് അവര്‍ അഹമ്മദാബാദിലേക്ക് താമസം മാറിയത്. 

പെണ്‍കുട്ടിയുടെ പിതാവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടായതോടെയാണ് യുവതി പ്രതികാരം ചെയ്യാനായി മകളുടെ ഫോട്ടോയും ഫോണ്‍ നമ്പറും ഫെയ്‌സ്ബുക്കിലിട്ടത്. ഐടി നിയമവും പോക്‌സോ നിയമവും അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates